മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് പരമ്പരയിലെ ഏക ടി-20 മത്സരത്തിന് ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയും ഇന്ന് പോരിനിറങ്ങുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ രണ്ട് ഫോര്‍മാറ്റിലുള്ള ലോകചാംപ്യന്‍മാരുടെ നേര്‍ക്ക് നേര്‍ പോരാട്ടത്തിനായ് കാത്തിരിക്കുകയാണ്. നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളാണ് ഇന്ത്യ. അതേസമയം നിലവിലെ ടി 20 ലോകചാംപ്യന്‍മാരാണ് ഇംഗ്ലണ്ട്.

ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടില്‍ നിന്നേറ്റ നാണം കെട്ട തോല്‍വിയില്‍ നിന്നുള്ള തിരിച്ച് വരവിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയിട്ടുണ്ട് ഇന്ത്യ. ഓവലിലെ നാലാം ടെസ്റ്റിലേറ്റ പരാജയത്തിന് ശേഷം ഇംഗ്ലണ്ടിലെ കൗണ്ടി ടീമുകളുമായി കളിച്ച മത്സരങ്ങളില്‍ ഇന്ത്യയുടെ യുവനിര ജയിച്ചിരുന്നു. സന്നാഹ മത്സരങ്ങളില്‍ സക്‌സെസ്, കെന്റ്, ലങ്കാഷെയര്‍ എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു ഇന്ത്യയുടെ വിജയം. കൗണ്ടി ടീമുകള്‍ക്കെതിരെയാണെങ്കിലും ഈ തുടര്‍ വിജയങ്ങള്‍ തോല്‍വിയില്‍ മുങ്ങിയ ഇന്ത്യന്‍ ടീമിന്റെ ആത്മ വിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട് .

ടി 20ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും വരുന്നുണ്ട്. അത്‌കൊണ്ട് തന്നെ ടി 20യില്‍ വിജയിച്ച് ആത്മവിശ്വാസത്തോടെ ഏകദിന പരമ്പരയ്‌ക്കൊരുങ്ങാനാവും ഇന്ത്യയുടെ ശ്രമം. മറുവശത്ത് തുടര്‍ വിജയങ്ങള്‍ നിലനിര്‍ത്താനാവും ഇംഗ്ലണ്ടിന്റെ ശ്രമം. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റുവര്‍ട്ട് ബ്രോഡ് അത് വ്യക്തമാക്കി കഴിഞ്ഞു.

വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ അഭാവത്തില്‍ യുവനിരയെ ആയിരിക്കും ഇന്ത്യ ഇന്ന് കളത്തിലിറക്കുക. വിരാട് കോഹ് ലി, പാര്‍ത്ഥിവ് പട്ടേല്‍, മുന്ാഫ് പട്ടേല്‍, പ്രവീണ്‍ കുമാര്‍ എന്നിവരെല്ലാം ഇന്ത്യക്കായി കളത്തിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടില്‍ മികച്ച ഫോം തുടരുന്ന സീനിയര്‍ ബാറ്റ്‌സ്മാന്‍ രാഹുല്‍ ദ്രാവിഡിനെ ക്യാപ്റ്റന്‍ ധോണി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ട്. അങ്ങിനെയെങ്കില്‍ ഇന്ത്യക്കായി അന്താരാഷ്ട്ര ടി 20യിലെ അരങ്ങേറ്റമായിരിക്കുമത്.