വാഷിംഗ്ടണ്‍: 134 രാഷ്ട്രങ്ങളിലെ ആളുകള്‍ ലൈറ്റുകളച്ച് ‘എര്‍ത്ത് അവര്‍’ പരിപാടിയില്‍ പങ്കുചേര്‍ന്നു. പ്രപഞ്ചത്തിന്റെ രക്ഷയ്ക്കും ഇന്ധന സംരക്ഷണത്തിനുമായിട്ടാണ് ‘എര്‍ത്ത് അവര്‍’ സംഘടിപ്പിച്ചത്.

പരിസ്ഥിതിസൗഹാര്‍ദ്ദ സംഘടനയായ വേള്‍ഡ് വൈഡ് ഫണ്ട് ആണ് ലോകവ്യാപകമായി ഈ പരിപാടിക്ക് നേതൃത്വം നല്‍കിയത്. ബിഗ് ബെന്‍, ബിടി ടവര്‍, ബക്കിംഗ്ഹാം പാലസ്, വിന്‍ഡ്‌സോര്‍ കാസില്‍, ബ്രിസ്‌റ്റോളിലെ ക്രിസ്‌റ്റോണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലെയെല്ലാം ലൈറ്റുകള്‍ പരിപാടിക്കുവേണ്ടി അണഞ്ഞു. കഴിഞ്ഞദിവസം രാത്രി 8.30 മുതല്‍ക്കാണ് എര്‍ത്ത് അവര്‍ ലോകമെമ്പാടും ആഘോഷിച്ചത്.

കാലാവസ്ഥാ വ്യതിയനാനത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കുക എന്നതാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിച്ചത്. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിലെ എര്‍ത്ത് അവര്‍ പരിപാടി നയിച്ചത് ടെലിവിഷന്‍ അവതാരികയായ കിര്‍സ്റ്റി ഗലാച്ചര്‍ ആയിരുന്നു. ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകുന്ന ജീവികളുടെ ഭീമന്‍ ചിത്രങ്ങളേന്തിയായിരുന്നു എര്‍ത്ത് അവര്‍ ആഘോഷിച്ചത്.

2007ല്‍ ഡിസ്‌നിയിലായിരുന്നു എര്‍ത്ത് അവര്‍ പരിപാടി ആരംഭിച്ചത്. അന്ന് ഏതാണ്ട് 2.2 മില്യണ്‍ ആളുകള്‍ ലൈറ്റുകളച്ച് പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ലോകത്തിലെ 4000ഓളം പ്രമുഖ നഗരങ്ങള്‍ ഇത്തവണത്തെ ആഘോഷങ്ങളില്‍ പങ്കാളികളായി. ദുബൈയിലെ ബുര്‍ജ് ഖലീഫ ഉള്‍പ്പടെയുള്ള വമ്പന്‍ കെട്ടിടങ്ങള്‍ ലൈറ്റുകള്‍ അണച്ച് പരിപാടിയില്‍ പങ്കുചേര്‍ന്നു.