ദേയ്ജു: ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ ലോംഗ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം മയൂഖജോണി ഫൈനലില്‍ കടന്നു. യോഗ്യതാ റൗണ്ടില്‍ 6.56 മീറ്റര്‍ ചാടിയാണ് മയൂഖ ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്. ബി ഗ്രൂപ്പില്‍ മത്സരിച്ച മയൂഖ തന്റെ മൂന്നാം ശ്രമത്തില്‍ തന്നെ ഗ്രൂപ്പില്‍ ആറാമതായി യോഗ്യത കണ്ടെത്തുകയായിരുന്നു.

അജ്ജു ബോബി ജോര്‍ജ്ജിന് ശേഷം ലോക ചാംപ്യന്‍ഷിപ്പ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മയൂഖ. ജപ്പാനില്‍ അടുത്തിടെ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ മയൂഖ സ്വര്‍ണ്ണം നേടിയിരുന്നു. 6.86 മീറ്റര്‍ പി്ന്നിട്ട ബ്രസീലിന്റെ മൗറീന്‍ മാഗിയുടേതാണ് യോഗ്യതാ റൗണ്ടിലെ മികച്ച ദൂരം. 6.64 മീറ്ററാണ് മയൂഖയുടെ മികച്ച ദൂരം. മയൂഖയുടെ ഈ വര്‍ഷത്തെ മികച്ച ദൂരം 6.63 മീറ്ററാണ്. ഞായറാഴ്ചയാണ് ലോംഗ്ജംപ് ഫൈനല്‍.

അതേസമയം ശനിയാഴ്ച മത്സരത്തിനിറങ്ങി. മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍വന്ത് കൗര്‍ ഡിസ്‌കസ് ത്രോയില്‍ യോഗ്യതാ റൗണ്ട് കടക്കാനാവാതെ പുറത്തായി. പന്ത്രണ്ട് പേരടങ്ങിയ ഗ്രൂപ്പ് എയില്‍ പത്താം സ്ഥാനത്തെത്താനെ ഹര്‍വിന്ദ് കൗറിന് സാധിച്ചുള്ളൂ. മൂന്നാം ശ്രമത്തില്‍ കണ്ടെത്തിയ 56.49 മീറ്ററാണ് താരത്തിന്റെ മികച്ച ദൂരം. ഈ വര്‍ഷം കണ്ടെത്തിയ മികച്ച ദൂരമായ 58.78 മീറ്ററുപോലും കണ്ടെത്താന്‍ ഹര്‍വിന്ദര്‍ കൗറിന് കഴിഞ്ഞില്ല. രണ്ടു ഗ്രൂപ്പുകളിലായി ഇന്നു യോഗ്യതാ റൗണ്ടില്‍ മല്‍സരിക്കുന്നവരില്‍ ഏറ്റവും പിന്നിലായിരുന്നു ഹര്‍വന്ദിന്റെ സ്ഥാനം.