എഡിറ്റര്‍
എഡിറ്റര്‍
ലോകചെസ്ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരവും സമനിലയില്‍
എഡിറ്റര്‍
Sunday 10th November 2013 4:51pm

anandcarlsen

ചെന്നൈ: ലോകചെസ് ചാമ്പ്യനെ കണ്ടെത്താനായി ചെന്നൈയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരവും സമനിലയിലവസാനിച്ചു.

ചെന്നൈയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദും മെക്‌സിക്കന്‍ ഗ്രാന്റ് മാസ്റ്റര്‍ മാഗ്‌നസ് കാണ്‍സണും 25 നീക്കങ്ങള്‍ക്കൊടുവില്‍ സമനിലയ്ക്ക് സമ്മതിക്കുകയായിരുന്നു.

മത്സരം ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്നു. മത്സരം സമനിലയിലായതോടെ ഇരുവര്‍ക്കും അര പോയന്റ് വീതം ലഭിച്ചു. ഇതോടെ ആനന്ദിനും കാള്‍സണും ഓരോ പോയന്റായി. ആദ്യ മത്സരവും സമനിലയിലവസാനിച്ചിരുന്നു.

വെളുത്ത കരുക്കളുമായി കളി തുടങ്ങിയ ആനന്ദ് പതിവിന് വിപരീതമായി വളരെ സാവധാനമാണ് കരുക്കള്‍ നീക്കിയത്. ആദ്യ മത്സരത്തില്‍ അതിവേഗം കരുക്കള്‍ നീക്കി കാള്‍സണെ അമ്പരപ്പിച്ചെങ്കില്‍ ഇത്തവണ തുടക്കത്തിലേ കാള്‍സണായിരുന്നു വേഗം കൂടുതല്‍.

പതിനൊന്നാം നീക്കം മുതല്‍ ഇരുവരും വേഗതയില്‍ ഏകദേശം തുല്യ നിലയിലേക്കെത്തി. എന്നാല്‍ വെളുത്ത കരുക്കളുടെ ആനുകൂല്യം മുതലാക്കി മത്സരം ജയത്തിലേക്കെത്തിക്കാന്‍ ആനന്ദിനായില്ല.

ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ പതിനാറ് നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുതാരങ്ങളും സമനിലയ്ക്ക് സമ്മതിച്ചത്. മത്സരം ഒന്നര മണിക്കൂര്‍ നീണ്ട് നിന്നു.

ജയത്തിന് ഒരു പോയന്റും സമനിലയ്ക്ക് അര പോയന്റും സമ്മാനിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം 6.5 പോയന്റ് നേടുന്നയാള്‍ വിജയിയാവും. പന്ത്രണ്ടാം മത്സരത്തിന് ശേഷവും ഇരുവരും തുല്യ പോയന്റില്‍ തുടരുകയാണെങ്കില്‍ സഡന്‍ഡെത്തിലൂടെ വിജയികളെ കണ്ടെത്തും.

Advertisement