Categories

ലോകബോക്‌സിംങ്: 5 ഇന്ത്യന്‍ താരങ്ങള്‍ പ്രീക്വാര്‍ട്ടറില്‍

ന്യൂദല്‍ഹി: അസര്‍ബൈജാനില്‍ നടക്കുന്ന ലോക ബോക്‌സിംങ് ചാംപ്യന്‍ഷിപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ വിജയകുതിപ്പ് തുടരുന്നു. തിങ്കളാഴ്ച നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ എതിരാളികളെ ഇടിച്ചിട്ട് ഇന്ത്യയുടെ ദേവേന്ദ്രോ സിംഗും ജയ് ഭഗവാനും ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി.

49കിലോ വിഭാഗത്തില്‍ മെക്‌സികോയുടെ വലാസ്‌ക്വൂ ജൊസെലിറ്റോയെ അട്ടിമറിച്ചാണ് മണിപ്പുരിന്റെ പത്തൊമ്പത് കാരനായ ദേവേന്ദ്രോ പ്രീക്വാര്‍ട്ടറിലെത്തിയത്. കന്നി ലോകചാമ്പ്യന്‍ഷിപ്പിനിറങ്ങിയ ദേവേന്ദ്രോ ഒന്നാം റൗണ്ടില്‍ കിര്‍ഗിസ്ഥാന്റെ അസൈല്‍ബെക് നസാറാലീവിനെയാണു തോല്‍പ്പിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. ചൊവ്വാഴ്ച നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ ഇക്വഡോറിന്റെ ഏഴാം സീഡായ കാര്‍ലോസ് ക്വിപ്പോയാണ് ദേവേന്ദ്രോയുടെ എതിരാളി.

കോമണ്‍വെല്‍ത്ത് ഗെയിംസ് വെങ്കല മെഡല്‍ ജേതാവായ ജയ് ഭഗവാന്‍ 60 കിലോ വിഭാഗത്തില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മിറോസ്ലാവ സെര്‍ബാനെ 14-6 നാണുതോല്‍പ്പിച്ചത്. അയര്‍ലന്‍ഡിന്റെ ഏഴാം സീഡ് ഡേവിഡ് ജോയ്‌സാണ് പ്രീ ക്വാര്‍ട്ടറില്‍ ഭഗവാന്റെ എതിരാളി.69 കിലോ വിഭാഗത്തില്‍ ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം മെഡല്‍ ജേതാവായ വികാസ് കൃഷ്ണനും പ്രീ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

ബലാറസിന്റെ ഏഴാം സീഡ് നൂറുദ്‌സിനോവ് മാഹാമദിനെ തോല്‍പ്പിച്ചാണ് യൂത്ത് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയായ വികാസ് അടുത്ത റൗണ്ടിലേക്ക്  യോഗ്യത നേടിയത്. ജോര്‍ജിയയുടെ സിപാല്‍ ഓന്‍ഡറിനെയാണ് അടുത്ത റൗണ്ടില്‍ വികാസ് നേരിടുക. കൂടാതെ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ മനോജ് കുമാറും, ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ ദിനേഷ് കുമാറും പ്രീക്വാര്‍ട്ടറിലെത്തിയിട്ടുണ്ട.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.