തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ലോകബാങ്കില്‍ നിന്ന് വായ്പയെടുക്കുന്നത് സംബന്ധിച്ച് സര്‍ക്കാറുമായി ഏകദേശ ധാരണയായതായി ലോകബാങ്ക് ചീഫ് കോര്‍ഡിനേറ്റര്‍ ഗീത സേഥി പറഞ്ഞു. ഇതനുസരിച്ച് 1200 കോടി രൂപയുടെ വായ്പ സംസ്ഥാനത്തിന് ലഭിക്കും. തുക സംബന്ധിച്ച് അന്തിമതീരുമാനമായില്ല. വായ്പ 40 വര്‍ഷം കൊണ്ട് തിരിച്ചടക്കണമെന്നാണ് വ്യവസ്ഥ. .125 ശതമാനമാണ് പലിശനിരക്ക്. മൊത്തം വായ്പയുടെ 40 ശതമാനം കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതികള്‍ക്ക് ഉപയോഗിക്കും.

അതേസമയം ലോകബാങ്കിന്റെ പുതിയ നിര്‍ദേശത്തെ ജലവിഭവവകുപ്പ് എതിര്‍ത്തു. ഇപ്പോള്‍ നടക്കുന്ന ജലനിധി പദ്ധതിയുടെ രണ്ടാംഘട്ട വായ്പ ലഭിക്കുന്നതിന് പുതിയ വായ്പ തടസ്സമാകുന്നതാണ് ജലവിഭവ വകുപ്പിന്റെ എതിര്‍പ്പിനിടയാക്കിയത്.

ഒരേസമയം രണ്ട് പദ്ധതികള്‍ക്ക് ഇത്രയും തുക വായ്പ നല്‍കാനാകാത്തതിനാല്‍ ജലനിധി പദ്ധതിയെ പുതിയ വായ്പയുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്നാണ് ലോകബാങ്ക് പറയുന്നത്. അങ്ങനെയെങ്കില്‍ ജലനിധി പദ്ധതിക്ക് മൊത്തം വായ്പാവിഹിതത്തിന്റെ 40 മാത്രമേ ലഭിക്കുകയുള്ളൂ.