ന്യൂദല്‍ഹി: ഉത്തേജക മരുന്നു വിവാദത്തില്‍ പിടിക്കപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ക്ക്  ശിക്ഷ കുറഞ്ഞുപോയെന്ന് ആഗോള ഉത്തേജക വിരുദ്ധ ഏജന്‍സി(വാഡ).മരുന്നടി വിവാദത്തില്‍ പിടിയിലായ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്കാണ് നല്‍കിയിട്ടുള്ളത്. അത് വളരെ കുറഞ്ഞുപോയെന്നാണ് വാഡയുടെ വാദം.

ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സിനി ജോസ് അടക്കമുള്ള കായികതാരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്. സിനിജോസിനെക്കൂടാതെ മലയാളി താരമായ ടിയാന മേരി തോമസ്, മധ്യദൂര ഓട്ടക്കാരി മന്‍ദീപ് കൗര്‍, ജുവാന മൂര്‍മൂ, പ്രിയങ്ക പന്‍വാര്‍, അശ്വിനി അകുഞ്ചി എന്നിവരെയും വിലക്കിയിരുന്നു.

എന്നാല്‍ ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും വിലക്ക് രണ്ട് വര്‍ഷമാക്കണമെന്നും ആവശ്യപ്പെട്ട് വാഡ അപ്പീല്‍ നല്‍കി.  ഉത്തേജകമരുന്ന് മനപ്പൂര്‍വം ഉപയോഗിക്കുകയായിരുന്നില്ലെന്ന് വിലയിരുത്തിയാണ് നാഡ ശിക്ഷ ഒരു വര്‍ഷമാക്കി കുറച്ചത്. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാനാവില്ലെന്നാണ് വാഡ പറയുന്നത്.

കോച്ചിന്റെ നിര്‍ദ്ദേശപ്രകാരം മരുന്നുപയോഗിക്കുകയായിരുന്നെന്ന് കാണിച്ച് നാല് താരങ്ങള്‍ നാഡയുടെ വിലക്കിനെതിരെ അപ്പീല്‍ കമ്മിറ്റിയെ സമീപിച്ചിരുന്നു. ഈ അപ്പീലില്‍ കമ്മിറ്റി തീരുമാനം പറയാനിരിക്കെയാണ് വാഡയുടെ അപ്പീല്‍ വന്നത്. ഇതോടെ ഉത്തേജക മരുന്നുപയോഗം സംബന്ധിച്ച് കേസ് വീണ്ടും അന്വേഷിക്കേണ്ടതായി വരും.

നാഡയുടെ വിലക്കോടെ ഒളിമ്പിക്‌സ് സ്വപ്‌നങ്ങള്‍ തകര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് വാഡയുടെ തീരുമാനം. വിലക്ക് ഒരു വര്‍ഷമായി കുറച്ചതിനെതിരെ വാഡ നല്‍കിയ അപ്പീല്‍ ഫിബ്രവരി 15 ന് അപ്പീല്‍ കമ്മിറ്റിയുടെ മുമ്പാകെ വരുമെന്ന് നാഡ ഡയരക്ടര്‍ ജനറല്‍ രാഹുല്‍ ഭട്ട് നഗര്‍ പറഞ്ഞു. മരുന്നുപയോഗം മനപ്പൂര്‍വമായാലും അല്ലെങ്കിലും അതിന്റെ ഉത്തരവാദിത്തം താരങ്ങള്‍ക്ക് തന്നെയാണെന്നും അതിന്റെ പേരില്‍ ശിക്ഷാകാലാവധി കുറച്ചത് തെറ്റാണെന്നുമാണ് വാഡ അപ്പീലില്‍ പറഞ്ഞത്.

Malayalam News

Kerala News In English