ഇന്ന് ലോക എയ്ഡ്‌സ് ദിനം.  എന്നും ഭയത്തോടെ മാത്രം നോക്കി കാണുന്ന അസുഖത്തെ ഓര്‍ക്കാനുള്ള ദിനം ഡിസംബര്ഡ 1. കോടിക്കണക്കിന് ആളുകളെ ബാധിച്ച ആ മഹാമാരിയെ തുടച്ചുമാറ്റാനുള്ള ഒരു മരുന്നും ഇന്നേവരെ കണ്ടുപിടിച്ചില്ലെന്നത് മറ്റൊരു മഹാസത്യം. ലോകത്താകമാനം 4 കോടിയോളം ജനങ്ങളാണ് എയ്ഡ്‌സ് ബാധിതരായുള്ളത്.

ഹ്യൂമണ്‍ ഇമ്യൂണോ വൈറസ് എച്ച്.ഐ.വി എന്ന രോഗാണുവാണ് എയ്ഡ്‌സ് രോഗം പരത്തുന്നത്. മനുഷ്യ ശരീരത്തെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന പ്രതിരോധ സംവിധാനത്തെയാണ് ഈ രോഗം ബാധിക്കുന്നത്. ശരീരത്തെ രോഗങ്ങളില്‍ നിന്നു പ്രതിരോധിക്കുക എന്ന കര്‍മം ചെയ്യുന്നത് രക്തത്തിലെ ശ്വതരക്താണുക്കളാണ്. എച്ച്.ഐ.വി ശ്വേതരക്താണുക്കളെ നശിപ്പിക്കുന്നതിന്റെ ഫലമായി പ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യുന്നു.
വഴിവിട്ട സ്ത്രീപുരുഷ ബന്ധങ്ങള്‍, സ്വവര്‍ഗരതി, ഒരേ സിറിഞ്ച്കളുപയോഗിച്ച് ലഹരി ഉപയോഗിക്കല്‍, ശരിയായ പരിശോധനയില്ലാതെ രക്തദാനവും സ്വീകരിക്കലും രോഗബാധിതയായ അമ്മയില്‍ നിന്നും വൈറസ് കുഞ്ഞിലേക്ക് ഇങ്ങനെ രോഗങ്ങള്‍ക്കിരയാകുന്നവര്‍ നിരവധിയാണ്.
എന്നിരുന്നാലും എയ്ഡ്‌സ് രോഗത്തിന്റെ പിടിയിലകപ്പട്ടവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നുള്ളത്് ആശ്വസിക്കാവുന്ന കാര്യമാണ്. ഇതിനുകാരണം ഒരു പരിധിവരെയുള്ള ബോധവത്ക്കരണ കഌസുകളും മറ്റുമാണ്. എയ്ഡ്‌സ് രോഗികളോട് എങ്ങനെ പെരുമാറണമെന്നും എങ്ങിനെയൊക്കെ ഈ രോഗം പിടിപെടാം എന്നതിനെ കുറിച്ചും നിരവധി പഠനക്ലാസുകള്‍ നടക്കുന്നുണ്ട.് അതുകൊണ്ടുതന്നെ ഈ രോഗത്തെ കുറിച്ച് ആളുകള്‍ ബോധവാന്‍മാരാണ്.

രോഗം പിടിപെടാതിരിക്കാന്‍ എന്തൊക്കെ രീതിയിലുള്ള മുന്‍ കരുതലുകള്‍ എടുക്കണമെന്നും. രോഗബാധിതരോട് എങ്ങനെ പെരുമാറണമെന്നും ഇന്ന് ആളുകള്‍ക്ക് അറിയാം.ഓരോ ദിനവും 6800 പേരാണ് എച്ച്.ഐ.വി വൈറസിന് ഇരയാവുന്നത്. ലോകത്തുള്ള ആകെ എയ്ഡ്‌സ് രോഗികളില്‍ 20ലക്ഷം പേരും കുട്ടികളാണ്.

എയ്ഡ്‌സ് രോഗത്തിനടിമയായവര്‍ക്ക് സ്വാന്തനം നല്‍കുന്നത് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സെന്ററുകളാണ്.രോഗം ഒരിക്കലും ഒരു കുറ്റമല്ല. സ്‌നേഹവും പരിഗണനയും അര്‍ഹിക്കുന്നവരാണ് അവരും. നമ്മുടെ സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശം അവര്‍ക്കുമുണ്ട്. ഈയൊരു ദിനത്തിലെങ്കിലും നമുക്ക് അവരെ കുറിച്ച് ഒാര്‍ക്കാം. ആത്മവിശ്വാസത്തോടെ ജീവിതത്തില്‍ മുന്നേറാന്‍ ഇത്തരക്കാര്‍ക്ക് കഴിയട്ടെയെന്ന് പ്രത്യാശിക്കാം.