കൊച്ചി: കൊച്ചിയിലെ തുറമുഖസമരത്തില്‍ നിന്നും പിന്‍മാറാമെന്ന് തൊഴിലാളികള്‍ ഹൈക്കോടതിയില്‍ ഉറപ്പുനല്‍കി. മൂന്ന് മാസം കൂടി രാജീവ് ഗാന്ധി ടെര്‍മിനല്‍ നിലനിര്‍ത്താന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ സംരക്ഷണം ഉറപ്പുതരണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികള്‍ ഏതാനും ദിവസങ്ങളായി പണിമുടക്കിയത്.

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ വരവോടെ തൊഴില്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞാണ് സമരം തുടങ്ങിയത്. പണിമുടക്കിനെ തുടര്‍ന്ന് തുറമുഖത്ത് ചരക്കുനീക്കം തടസപ്പെട്ടിരുന്നു. രാജീവ്ഗാന്ധി ടെര്‍മിനല്‍ നിലനിര്‍ത്താനാകില്ലെന്ന തുറമുഖ വകുപ്പിന്റെ വാദം കോടതി തള്ളി. ആയിരത്തോളം തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.