ഭുവനേശ്വര്‍: നിര്‍ദ്ദിഷ്ട പോസ്‌കോ സ്റ്റീല്‍ പ്ലാന്റിനുവേണ്ടി ഭൂമിയേറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ജഗത്സിംഗ്പൂര്‍ ജില്ലാ ഭരണകൂടം നിര്‍ത്തിവച്ചു. പോലീസും, പ്രതിഷേധക്കാരും തമ്മില്‍ ശനിയാഴ്ചയുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് നടപടി.

കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ ന്യൂഗൗണ്‍ ഗ്രാമപഞ്ചായത്തിലെ 8 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 6 സ്ത്രീകളും ഉള്‍പ്പെടും. സ്റ്റീല്‍ മില്ലിനുവേണ്ടി എറ്റെടുത്ത ഭൂമിയിലെ മരങ്ങള്‍ വെട്ടിനശിപ്പിക്കുന്നതിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു.

പോലീസിനെ വിന്യസിച്ച നടപടിയില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കില്ല. ഇതിനു പുറമേ നഷ്ടപരിഹാരപാക്കേജ് വര്‍ധിപ്പിക്കുന്നതിനെയും, വീടുവിട്ടുപോകുന്നവര്‍ക്ക് ജോലി നല്‍കുന്നതിനെയും കുറിച്ച് റീഹാബിലേഷന്‍ ആന്റ് പെരിഫെറല്‍ ഡെവലപ്പ്‌മെന്റ് അഡൈ്വസറി കമ്മിറ്റിയുമായി കൂടിയാലോചിക്കാനും തീരുമാനച്ചിട്ടുണ്ട്.