എഡിറ്റര്‍
എഡിറ്റര്‍
മനുഷ്യാവകാശ സംരക്ഷണത്തിന്റെ പേരില്‍ നടത്തുന്ന കൊലപാതകങ്ങള്‍ പൊറുക്കാനാവില്ല: മമത ബാനര്‍ജി
എഡിറ്റര്‍
Wednesday 1st January 2014 10:45am

mamatha

കൊല്‍ക്കത്ത: മനുഷ്യാവകാശ സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ പൊറുക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ##മമത ബാനര്‍ജി.

അടുത്തിടെ ജല്‍പൈഗുരി ജില്ലയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തിന്റെ കാരണക്കാരായി ആരോപിക്കപ്പെട്ട കംതാപൂര്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് താക്കീത് നല്‍കുകയായിരുന്നു മമത.

1996ല്‍ നിലവില്‍ വന്ന കെ.എല്‍.എയുടെ സ്ഥാപകദിനമായിരുന്ന  ഡിസംബര്‍ 28ന് രണ്ട് ദിവസം മുമ്പായിരുന്നു സ്‌ഫോടനം നടന്നത്.

മനുഷ്യാവകാശ സംരക്ഷണത്തിന്റെ പേരില്‍ ആയുധം കയ്യിലെടുക്കുന്നതിനെ അംഗീകരിക്കാനാവില്ല. ഒട്ടേറെ മനുഷ്യര്‍ കൊല്ലപ്പെടുകയാണെന്നും ഇത് പൊറുക്കാനാവില്ലെന്നും മമത പറഞ്ഞു.

ലഹളയിലും  കൊലപാതകത്തിലും സംതൃപ്തി കണ്ടെത്തുന്നവരെ സഹായിക്കരുതെന്നാണ് തന്റെ അപേക്ഷയെന്നും മമത കൂട്ടിച്ചേര്‍ത്തു.

പ്രസ്ഥാനങ്ങളുടെ പേരില്‍ നടത്തുന്ന ആക്രമണങ്ങള്‍ കുറയുന്നില്ലെന്നും അത്തരത്തിലുള്ള സമരങ്ങളുടെ പേരില്‍ കെ.എല്‍.ഒ പണം സമ്പാദിക്കുകയാണെന്നും മമത നേരത്തെ പറഞ്ഞിരുന്നു.

2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് ശേഷം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനുള്ള നടപടിക്ക് തുടക്കമിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് 250ഓളം തടവുകാരെ മോചിപ്പിച്ചിരുന്നു.

ഒട്ടേറെ കെ.എല്‍.ഒ സമരക്കാരാണ് അന്ന്  മോചിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നത്.

Advertisement