ന്യൂദല്‍ഹി: കശ്മീരിന് സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന വിഘടനവാദികളുമായി പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പെല്ലെറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ജമ്മു കശ്മീരിലെ ബാര്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

ഹുറിയത്ത് നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് ബാര്‍ അസോസിയേഷന്റ് ആവശ്യം. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ നിയമപരമായി അനുവാദമുള്ള ആളുകളുമായി മാത്രമേ ചര്‍ച്ച നടത്താന്‍ തയ്യാറുള്ളുവെന്നാണ് ഇതിന് മറുപടിയായി കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.


Also Read: സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും പെണ്‍വാണിഭ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍


കേന്ദ്രസര്‍ക്കാറുമായി സംസാരിക്കാന്‍ പറ്റിയ ആളുകളുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ കോടതി ബാര്‍ അസോസിയേഷനോട് നിര്‍ദ്ദേശിച്ചു. ചര്‍ച്ചയുമായി മുന്നോട്ട് പോകാന്‍ കേന്ദ്രസര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കുമെന്നും കോടതി പറഞ്ഞു. എന്നാല്‍ കശ്മീരിലെ ജനങ്ങള്‍ ഇതിന് തയ്യാറാണെങ്കില്‍ മാത്രമേ കേന്ദ്രത്തോട് ചര്‍ച്ച നടത്താന്‍ നിര്‍ദ്ദേശിക്കൂവെന്നും കോടതി വ്യക്തമാക്കി.

കല്ലേറ് അവസാനിപ്പിക്കാന്‍ സമരക്കാര്‍ തയ്യാറാവുകയാണെങ്കില്‍ സായുധ സേനയോടും സംസ്ഥാന പൊലീസിനോടും പെല്ലെറ്റ് തോക്കുകളുടെ ഉപയോഗം നിര്‍ത്താന്‍ നിര്‍ദ്ദേശിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.