എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ യുവതിയുടെ മരണം: ഗര്‍ഭഛിദ്ര നിയമത്തില്‍ ഉടന്‍ ഭേദഗതിയുണ്ടാവില്ലെന്ന് അയര്‍ലന്റ് പ്രധാനമന്ത്രി
എഡിറ്റര്‍
Saturday 17th November 2012 8:00am

ന്യൂദല്‍ഹി: കത്തോലിക്കാ രാഷ്ട്രമായ അയര്‍ലന്റില്‍ ഗര്‍ഭഛിദ്രം വിലക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഡോക്ടര്‍ സവിത ഹാലപ്പനവര്‍ മരിച്ചതിനെ തുടര്‍ന്ന് നിയമം പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി വ്യക്തമാക്കി.

Ads By Google

‘ എത്ര തന്നെ സമ്മര്‍ദ്ദം ചെലുത്തിയാലും ഈ കാര്യത്തില്‍ പെട്ടന്നൊരു തീരുമാനം ഞാന്‍ എടുക്കില്ല. ഇത് വളരെ സത്യസന്ധമായും യുക്തിസഹമായും എടുക്കേണ്ട തീരുമാണ്.’ കെന്നി പറഞ്ഞു.

അതേസമയം, ‘പോസ്റ്റ്കാര്‍ഡ് ഫോര്‍ സവിത’ എന്ന പേരില്‍ ഗര്‍ഭഛിദ്രം  നിയമം നിരോധിക്കണമെന്ന ആവശ്യവുമായി അയര്‍ലന്റില്‍ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.

രാജ്യത്ത് ഇത്തരം സംഭവങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് തന്നാല്‍ മാത്രമേ രാജ്യത്തെ ടൂറിസം മേഖലയുമായി സഹകരിക്കൂ എന്ന നിലപാടിലാണ് ആക്ടിവിസ്റ്റുകള്‍.

നിയമം നിരോധിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിലെ എല്ലാ ഐറിഷ് എംബസിക്ക് മുമ്പിലും പ്രകടനം നടത്താനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

കടുത്ത വേദനയെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിനായി യാചിച്ച സവിത ‘ഞാന്‍ കത്തോലിക്ക വിശ്വാസിയോ ഐറിഷോ അല്ല’ എന്ന് മരണത്തിന് മുമ്പ് പറഞ്ഞപ്പോഴും ഇത് കത്തോലിക്ക രാജ്യമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടിയെന്ന് യുവതിയുടെ ഭര്‍ത്താവായ പ്രവീണ്‍ ഹാലപ്പനാര്‍ പറയുന്നത്.

ഗര്‍ഭഛിദ്രം നടത്താന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മരണകാരണമാകുന്ന സെപ്റ്റസിമ്യ (രക്തത്തില്‍ അണുബാധ)യുണ്ടാവുകയും മൂന്ന് ദിവസത്തിലധികം കടുത്ത വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവിച്ച സവിത ഒടുവില്‍ മരണപ്പെടുകയായിരുന്നു.

യുവതി മരിച്ച സംഭത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അയര്‍ലന്റിനെ ശക്തമായ പ്രതിഷേധവും ആശങ്കയും അറിയിച്ചു. അയര്‍ലന്റില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റും ഗവണ്‍മെന്റും നടത്തുന്ന അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കൂടുതല്‍ നടപടികളെക്കുറിച്ച് ആലേചിക്കുമെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. സംഭത്തില്‍ അയര്‍ലന്റിന്റെ പ്രതികരണം കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

സവിത മരിക്കാനിടയായ സംഭവം ഗുരുതരമായ കുറ്റകൃത്യമാണെന്നും ഉടന്‍ നടപടിയെടുക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. അങ്ങേയറ്റം വേദനയുണ്ടാക്കുന്ന സംഭവമാണിതെന്നും സ്ത്രീകളുടെ അവകാശത്തിന് മുകളിലുള്ള മതാധിപത്യത്തിന്റെ കടന്നുകയറ്റമാണ് ഇതെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു.

Advertisement