എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടാലും രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ല: കെജ്‌രിവാള്‍
എഡിറ്റര്‍
Thursday 28th November 2013 1:30am

kejriwal

ന്യൂദല്‍ഹി:  2013 ലെ ദല്‍ഹി തിരഞ്ഞെടുപ്പില്‍  ഏതെങ്കിലും കാരണവശാല്‍ പാര്‍ട്ടി പരാജയം നേരിട്ടാലും താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍.

താന്‍ നല്ല കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഇവിടെയുണ്ടാകുമെന്നും ഇന്ത്യയെ അഴിമതിരഹിത രാജ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ദല്‍ഹിയില്‍ തൂക്കുസഭയാണ് വരുന്നതെങ്കില്‍ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് തൂക്കുസഭ എന്നത് ദല്‍ഹിയില്‍ ഒരു സാങ്കല്‍പ്പിക സാഹചര്യമാണെന്നും സര്‍വേ ഫലങ്ങലെല്ലാം തെളിയിക്കുന്നത് തങ്ങള്‍ വിജയിക്കുമെന്നാണെന്നും ഇനി അഥവാ ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തന്നെ തങ്ങള്‍ ആരെയും പിന്തുണയ്ക്കാന്‍ പോകുന്നില്ലെന്നും അദ്ദഹം വ്യക്തമാക്കി.

സ്റ്റിങ് ഓപ്പറേഷന്‍ വിവാദത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി 20 കോടിയാണ് ശേഖരിച്ചിരിക്കുന്നത്.

അതിനപ്പുറം വരുന്ന സംഭാവനയുടെ കണക്ക് വെബ്‌സൈറ്റില്‍ ഇടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അണ്ണാ ഹസാരെയെ പാര്‍ട്ടി മിസ് ചെയ്യുന്നുണ്ട്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഇതിനേക്കാള്‍ ആയിരം മടങ്ങ് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാനാകുമായിരുന്നു.

തങ്ങള്‍ക്കൊറ്റയ്ക്ക് ഒരു പ്രശ്‌നങ്ങളും തുടച്ചു നീക്കാനാവില്ലെന്നും ഒന്നരക്കോടി ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷയുറപ്പാക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിഹാരം കണ്ടെത്താനാകുമെന്നും കെജ്‌രിവാള്‍ ഐ.ബി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Advertisement