യ്യപ്പന്റമ്മ ചുട്ട നെയ്യപ്പം കാക്ക കൊത്തി കടലിലിട്ട സംഭവം’ അടുത്ത കാലത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തമാശയായിരുന്നുവല്ലോ. സത്യത്തില്‍ അതില്‍ ഒരു തമാശയുമില്ലെന്നും എല്ലാം കാര്യമാണെന്നും രാത്രി ഒമ്പതു മണി നേരത്ത് ഒരിക്കലെങ്കിലും ചാനല്‍ ദംശനമുണ്ടായിട്ടുള്ളവരെല്ലാം സമ്മതിച്ചുപോകും.

പര്‍ദയിട്ട ഒരു സ്ത്രീയെ പോലീസ് വീട്ടില്‍നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുന്നതിന്റെ പൊട്ടും പൊടിയുംപോലും വിടാതെ കാഴ്ചക്കാരനില്‍ എത്തിക്കാന്‍ ചാനല്‍പ്പട ലൈവ് യൂനിറ്റുകളിറക്കി ആ വീടിന് കാവല്‍ നിന്നത് നേരില്‍ കണ്ട് സായൂജ്യമടഞ്ഞിട്ട് അധിക ദിവസമായില്ല. മുമ്പ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ മുഖ്യ സാക്ഷി റെജീന ‘ദാ ഇതാ അടുത്ത ജംഗ്ഷന്‍ ക്രോസ് ചെയ്തിരിക്കുന്നു’ എന്ന് മുഴത്തിന് മുഴം കണക്ക് പാതിരാ നേരത്തും വിളമ്പിത്തന്നത് ഇതേ ചാനലുകളായിരുന്നു. കൌമാരക്കാരുടെ കലോല്‍സവത്തില്‍ കലിയിളകി കൈയാങ്കളി നടത്തി ഓരോ മിനുട്ടിലും വിശേഷമറിയിച്ചവരും ഇതേ ചാനല്‍ പട. ഒടുവില്‍ സ്വര്‍ണക്കപ്പിന്റെ ഡ്യൂപ്ലിക്കേറ്റിന്വേണ്ടി നായ്ക്കളെപ്പോലെ കടിപിടി കൂട്ടിയവരും ചാനലന്‍മാര്‍.

പെണ്ണിനെ തലവഴി മുണ്ടിട്ട് മൂടിപ്പിടിച്ചിരിക്കുന്നു കാക്കാമാര്‍ എന്ന് ആ സമുദായത്തിനുള്ളിലും അതിന് പുറത്തുമുള്ള ബുദ്ധിജീവികളും ബുദ്ധിയില്ലാത്തവരും ചേര്‍ന്ന് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും കോട്ടപ്പടിയിലുമെല്ലാമിരുന്നു ഒമ്പതുമണി ചര്‍ച്ച സംഘടിപ്പിക്കുന്നതും ഇതേ ചാനല്‍ ചതുരത്തിലാണ്.
എന്നിട്ടും ഒന്നൊന്നേകാല്‍ ലക്ഷം പെണ്ണുങ്ങള്‍, അതും പര്‍ദയും തലവഴി മുണ്ടുമിട്ടവര്‍ ഒരു ദിവസം സമ്മേളിച്ചു എന്ന വാര്‍ത്തയ്ക്ക് കേവലമൊരു കൌതുക വാര്‍ത്തയുടെ പ്രാധാന്യം പോലും കേരളക്കരയില്‍ കിട്ടിയില്ല. കുറ്റിപ്പുറത്തെ മണല്‍പ്പരപ്പില്‍ അടിമുടി പെണ്ണുങ്ങള്‍ മാത്രം നയിച്ച ഒരു പെണ്‍സമ്മേളനം ചാനലുകള്‍ തമസ്‌കരിച്ചുകളഞ്ഞു. പഴയമട്ടില്‍ സഞ്ചരിക്കുന്ന ചില പത്രങ്ങള്‍ മാത്രം അതിന്റെ വാര്‍ത്ത നല്‍കി കെട്ടുദോഷം തീര്‍ത്തു.

പല പല കാരണങ്ങളാല്‍ ഈ സമ്മേളനം ഒരു വന്‍ വാര്‍ത്തയോ വിശകലനമോ ആവേണ്ടിയിരുന്നതാണ്. അത് ആവേണ്ടിയിരുന്നതിനും ആവാതിരുന്നതിനും തുല്യ പ്രാധാന്യത്തില്‍ ചില കാരണങ്ങളുണ്ട്
.

ഒന്നാമതായി, കേരളത്തിന്റെ മാത്രമല്ല ലോകത്തിന്റെ തന്നെ ശ്രദ്ധ പതിയേണ്ടിയിരുന്ന ഒരു സംഭവമായിരുന്നു അത്. കാരണം അത് സംഘടിപ്പിച്ചത് ജമാഅത്തെ ഇസ്ലാമി എന്ന സംഘടന ആയതുകൊണ്ടല്ല. ഈ സംഘടന മുസ്ലിം സമുദായത്തിലെ പുരോഗമന ചിന്തയുടെ മൊത്തക്കച്ചവടക്കാര്‍ എന്നറിയപ്പെട്ടപ്പോഴും അവകാശപ്പെട്ടപ്പോഴും സ്ത്രീകളും അവരുടെ വിമോചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ ഒട്ടും പുരോഗമനക്കാര്‍ ആയിരുന്നില്ല എന്നത് ഒരു നേരുതന്നെയാണ്. 1998ല്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ മലപ്പുറം ജില്ലയില്‍ സംസ്ഥാന സമ്മേളനം നടത്തിയപ്പോള്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളെയും വേദിയില്‍ കയറ്റി എന്നത് വലിയ വിപ്ലവമായിരുന്നു. അന്ന് അതിനെ എതിര്‍ത്ത് കൂവിയ സുന്നി നേതാവ് ഗള്‍ഫില്‍ പോയി പെണ്ണുങ്ങള്‍ക്കൊപ്പം വേദി പപ്പാതിയാക്കിയതും ഇന്റര്‍നെറ്റില്‍ ഹിറ്റായിരുന്നു അടുത്ത കാലത്ത്. അതേ ജമാഅത്തെ ഇസ്ലാമിക്ക് അവരുടെ സംസ്ഥാന സമിതിയില്‍ ഒരു പെണ്ണിനെ ഉള്‍പ്പെടുത്താന്‍ പിന്നെയും പത്തു വര്‍ഷം വേണ്ടി വന്നു. അപ്പോഴും വന്നു വിമര്‍ശനക്കോടാലി. പ്രവാചക മാതൃക എന്നായിരുന്നു അതിന്റെ മറുപടി. ഇതുവരെ ഈ പ്രവാചക മാതൃക എവിടെയായിരുന്നു എന്ന ചോദ്യത്തിന് മറുപടിയില്ല. ഇന്നും ഇവര്‍ നടത്തുന്ന കോളജില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ സദാചാരത്തിന്റെ ഒരു വലിയ സ്‌ക്രീനുണ്ട്. പുരുഷ അധ്യാപകനെ വിദ്യാര്‍ഥിനിയും തിരിച്ചും കണ്ടാല്‍ കുഴപ്പമില്ലേ എന്ന ചോദ്യത്തിനും മറുപടി നഹി.

രണ്ടാമതായി, ലോകത്തെങ്ങും മുസ്ലിം സ്ത്രീകളെ മതനേതൃത്വം അടിച്ചമര്‍ത്തുന്നു എന്ന ആക്ഷേപം മുമ്പെത്തെക്കാള്‍ ശക്തമായ കാലമാണിത്. താലിബാനിസം തെരുവില്‍നിന്നുപോലും പെണ്ണിനെ വിലക്കുന്ന കാലത്ത് ഒരു ലക്ഷം പെണ്ണുങ്ങള്‍ ഒരിടത്തുകൂടി എന്നത് ലോകവാര്‍ത്ത തന്നെയാണ്. ഒരുപക്ഷേ മറ്റൊരു മതത്തിനും മതസംഘടനക്കും ഇതു സാധിക്കുമെന്ന് തോന്നുന്നില്ല. വല്ല ഇറാനിലെങ്ങാനും നടന്നെങ്കിലായി. എന്നിട്ടും സി എന്‍ എന്നോ ബി ബി സിയോ പോയിട്ട് നമ്മുടെ ജീവന്‍ ടി വിയോ ജീവനില്ലാത്ത ടി വിയോ അതുവഴി തിരിഞ്ഞു നോക്കിയില്ല. എല്ലാം കാണുന്ന ഇന്‍ഡ്യാവിഷന്‍ അതുവഴിപോലും പോയില്ല. നികേഷ്‌കുമാര്‍ ചര്‍ച്ചിച്ച് ഛര്‍ദിച്ചില്ല. പകരം സംഘാടകര്‍ തന്നെ കാശുകൊടുത്തു വാങ്ങിയ സമയത്തിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് മാത്രം ‘സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാ’മാക്കി ലൈവ് കൊടുത്തു. കൊടുത്ത കാശിന്റെ തരിപ്പ് വിട്ടപ്പോള്‍ അവരും ഫ്യൂസൂരി.


എന്തുകൊണ്ടായിരിക്കാം എല്ലാവരും ചേര്‍ന്ന് ഈ സംഭവത്തെ തമസ്‌കരിച്ചത്?

അതിന്റെ ഉത്തരം സമ്മേളനം തുടങ്ങുന്നതിന് മുമ്പുതന്നെ മണത്തിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ വനിതകള്‍ നടത്തിയ പത്രസമ്മേളനത്തില്‍ അവര്‍ ആദ്യമായി ആവശ്യപ്പെട്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പിന്നാക്ക സമുദായത്തിലെ പെണ്ണുങ്ങള്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പാടു ചെയ്യണം എന്നായിരുന്നു. ഇതിന്റെ തെളിമലയാളം സ്പഷ്ടം. പടിവാതിലില്‍ എത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ പെണ്ണുങ്ങള്‍ക്ക് സംവരണം 50 ശതമാനമാണ്. അതില്‍ തന്നെ ന്യൂനപക്ഷ സമുദായത്തിന് പ്രത്യേകമായി സംവരണം ഏര്‍പ്പെടുത്തിയാല്‍ ആ സീറ്റില്‍ മല്‍സരിക്കാന്‍ മുസ്ലിം പെണ്ണുങ്ങളെ കണ്ടെത്താന്‍ ഗൂഗിള്‍ മാപ്പിംഗിനും കഴിയില്ല. ആ ദുര്‍ബലമായ വിടവില്‍ തങ്ങളുടെ പെണ്ണുങ്ങളെ ഇറക്കി പഞ്ചായത്തുഭരണത്തില്‍ എത്താമെന്നു ജമാഅത്തെ ഇസ്ലാമി വ്യാമോഹിക്കുന്നു. പെണ്ണുമ്പിള്ളമാരുടെ ഭരണമെന്നാല്‍ ആണാപ്പിറന്നവരുടെ ഭരണമാണെന്ന് ഇപ്പോഴത്തെ പല പഞ്ചായത്തുകളും പരതിയാല്‍ തിരിയുന്ന കാര്യം.
പണ്ട് വോട്ടു ചെയ്യുന്നതുപോയിട്ട് സര്‍ക്കാര്‍ ജോലിയില്‍ കയറുന്നതുപോലും ഇസ്ലാമിക വിരുദ്ധമായിരുന്നവര്‍ പിന്നീട് ജോലി സ്വീകരിച്ചതും മൂല്യാധിഷ്ഠിത വോട്ടു ചെയ്തതും കരുണാകരനും കുഞ്ഞാലിക്കുട്ടിയും മൂല്യമുള്ളവരായി ബോധ്യപ്പെട്ടതും ചരിത്രമാണ്. പിന്നീട് രാഷ്ട്രീയം നോക്കി വോട്ടു ചെയ്തപ്പോഴും ജമാഅത്തെ ഇസ്ലാമിക്കാരനെ വിമര്‍ശകര്‍ വെറുതെ വിട്ടില്ല. എത്രയോ കാലം പിന്നിട്ട് ജനിച്ച എന്‍ ഡി എഫ്കാരന്‍ പോലും രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി മല്‍സരിച്ച് കളിക്കുമ്പോള്‍ ഐസ്മിഠായി കണ്ട് വെള്ളമൂറുന്നപോലെ എത്ര കാലമിങ്ങനെ വല്ലവനും വോട്ടുചെയ്ത് കരക്കിരുന്ന് കളികാണും.

അതിനാണ് നിയമനിര്‍മാണത്തില്‍ പങ്കില്ലാത്ത പഞ്ചായത്തുകളിലെ മല്‍സരത്തില്‍ ജമാഅത്തുകാര്‍ക്ക് മല്‍സരിക്കാമെന്ന് അഖിലേന്ത്യാ കമ്മറ്റി പ്രമേയം പാസ്സാക്കിയത്. അപ്പോഴാണ് 50 ശതമാനം പെണ്‍സംവരണം വരുന്നത്. ഇതുതന്നെ നല്ല അവസരം. അടുക്കള വഴി പൂമുഖം പിടിക്കുകതന്നെ. അത്യാവശ്യം കണ്ണുരുട്ടി പഠിച്ചതും പിന്നെ ആഗോളവല്‍കരണവും ചേര്‍ത്ത് നാലുകാച്ചുകാച്ചാന്‍ കഴിയുന്ന പെണ്ണുങ്ങള്‍ ഇപ്പോഴും പൊതുവിലും മുസ്ലിം സമുദായത്തില്‍ പ്രത്യേകിച്ചും കുറവാണെന്നിരിക്കെ ഇതുതന്നെ നല്ല അവസരം. സമ്മേളന പ്രചരണത്തില്‍ പ്രസംഗിച്ച് തെളിഞ്ഞ പെണ്ണുങ്ങള്‍ ഇനി പഞ്ചായത്ത് സമിതിയിലും ഗ്രാമസഭയിലും കൂവിത്തെളിയും. എങ്ങനെയുണ്ട് എന്റെ പുത്തി എന്ന് ചോദിച്ചപോലുണ്ട്.

പെണ്ണുങ്ങള്‍ക്ക് മാത്രമായി നടത്തുന്ന ‘വനിത’ മാഗസിനില്‍ പോലും പേരിന് മാത്രം പെണ്ണുങ്ങളുള്ള നാടാണിത്. അപ്പോള്‍ പെണ്ണുങ്ങളുടെ മറവില്‍ ജമാഅത്തെ ഇസ്ലാമിയും സോളിഡാരിറ്റിക്കാരും പഞ്ചായത്ത് പിടിക്കാനുള്ള പുറപ്പാടാണിതെന്ന ഭയം കുറഞ്ഞപക്ഷം ലീഗുകാര്‍ക്കെങ്കിലുമുണ്ട്. പഞ്ചായത്തിലാകുമ്പോള്‍ ബി ജെ പി പോലും ഹലാലാകുന്ന വിശേഷസാഹചര്യത്തില്‍ വിശേഷിച്ചും.

ഈ ഭയംകൊണ്ടാവണം ചാനലുകളും മറ്റ് മാധ്യമങ്ങളും ഈ ‘സംഭവം’ തമസ്‌കരിച്ചിരിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രക്ഷേപിക്കാവുന്ന വാര്‍ത്തകള്‍ ഇല്ലാത്ത നാടാണ് ഈ കേരളം എന്നറിയാത്ത എത്ര ചാനലുണ്ട് ഈ നാട്ടില്‍ . രാവിലെ മുതല്‍ വൈകുന്നേരം വരെ വാര്‍ത്തകള്‍ ചവച്ച് ചവച്ച് ബോറടിപ്പിക്കുന്ന ചാനല്‍ രാജാക്കന്മാര്‍ ഇതു കാണേണ്ടിയിരുന്നതാണ്. അതുമല്ലെങ്കില്‍ കാക്കാ പെണ്ണുങ്ങളെ അങ്ങനെ അങ്ങ് പൊക്കിപ്പറയേണ്ട എന്ന പരമ്പരാഗത വരട്ടുചൊറി കൊണ്ടുമാകാം. കാരണം, എല്ലാ മാധ്യമവും ഓരോരോ കൂട്ടരെ കാണുമ്പോള്‍ വാലാട്ടുന്നവരാണല്ലോ…

പിന്നാമ്പുറം: ജമാഅത്തെ ഇസ്ലാമിക്കാരെ കണ്ടാണ് സുന്നികളും മുജാഹിദുകളുമെല്ലാം ഓരോരോ പരിപാടികളും തലക്കെട്ടുകളുമായി രംഗത്തു വരിക. അല്ലെങ്കില്‍ മനുഷ്യജാലിക എന്നതിന്റെ അര്‍ഥമെന്ത്? എന്ന് ഏതെങ്കിലും മുയ്‌ല്യാര് കുട്ടിയോട് ചോദിച്ചു നോക്കു. അവര്‍ കണ്ണ് മിഴിക്കും. പഴയ സിമിക്കാരെയും എസ് ഐ ഓക്കാരെയും കണ്ട് പടിച്ചാണ് അവര്‍ അങ്ങനെയായിപ്പോയത്. അക്കാര്യത്തില്‍ അവര്‍ മറ്റ് പലരെയുംക്കാള്‍ മുന്നിലെത്തുകയുമുണ്ടായി. എന്തായാലും ജമാഅത്തെ ഇസ്ലാമിക്കാര്‍ക്ക് ആശ്വസിക്കാം. ഉടനെയൊന്നും അവര്‍ ഒരു പെണ്‍സമ്മേളനം തട്ടിക്കൂട്ടില്ല. കാരണം, അവര്‍ക്കിപ്പോഴും സ്ത്രീയെന്നത് അടുക്കളയില്‍ ഭക്ഷണം വിളമ്പാനും കുട്ടികളെ നോക്കാനും രാത്രിയില്‍ കൂടെ കിടക്കാനും മാത്രമുള്ളതാണ്.