ന്യൂദല്‍ഹി: പ്രക്ഷുബ്ദ രംഗങ്ങള്‍ക്കിടെ രാജ്യസഭയില്‍ വനിതാ ബില്‍ അവതരിപ്പിച്ചു. ബഹളത്തെതുടര്‍ന്ന് ചര്‍ച്ച നടത്താനാവാതെ സഭ മൂന്ന് തവണ നിര്‍ത്തി വെച്ചു. രാവിലെ ബഹളത്തെ തുടര്‍ന്ന് ഉച്ചക്ക് രണ്ട് മണി വരെ നിര്‍ത്തിവെച്ച സഭ പിന്നീട് ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നു. ഇതു കാരണം നിര്‍ച്ചിവെച്ച സഭ മൂന്ന് മണിക്ക് ചേര്‍ന്നപ്പോള്‍ വീണ്ടും ബഹളം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് വൈകീട്ട് നാല് മണി വരെ സഭ നിര്‍ത്തി വെച്ചിരിക്കയാണ്. വൈകീട്ട് ആറിന് ബില്‍ വോട്ടിനിടും.

രാജ്യസഭയില്‍ വനിതാ ബില്‍ അവതരിപ്പിച്ച നിയമമന്ത്രി എം വീരപ്പമൊയ്‌ലിയില്‍നിന്ന് കടലാസ് തട്ടിപ്പറിക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. സഭാദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ചേമ്പറിലേയ്ക്ക് കടന്ന് മൈക്ക് തട്ടിപ്പറിക്കാനുള്ള ശ്രമം നടന്നു. ഉപരാഷ്ട്രപതിയുടെ ചേമ്പറില്‍ സൂക്ഷിച്ചിരുന്ന പേപ്പറുകള്‍ വലിച്ചുകീറിയെറിഞ്ഞു.

രാവിലെ ബില്‍ അവതരണത്തിന് മുമ്പ് രാവിലെ 11ന് സഭ ചേര്‍ന്നയുടന്‍ ചെയര്‍മാന്‍ ഹമീദ് അന്‍സാരി അന്താരാഷ്ട്ര വനിതാദിന സന്ദേശം സഭയില്‍ വായിച്ചു. നിയമ നിര്‍മ്മാണത്തില്‍ വിനതകള്‍ക്കും പ്രാതിനിധ്യം ലഭിക്കണമെന്ന് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഇതിനു തൊട്ടുപിന്നാലെയാണ് കമാല്‍ അക്തറിന്റെ നേതൃത്വത്തില്‍ എസ് പി അംഗങ്ങള്‍ ബഹളം തുടങ്ങിയത്.

രണ്ടുമണിക്ക് സഭചേര്‍ന്ന് പത്തുമിനുട്ടിനുള്ളില്‍ ഇരുപതോളം അംഗങ്ങള്‍ രണ്ടാംതവണയും ബഹളം വെക്കുകയായിരുന്നു. രാജ്യസഭാ ചെയര്‍മാന്‍ മുഹമ്മദ് ഹമീദ് അന്‍സാരിയുടെ മേശപ്പുറത്തുണ്ടായിരുന്ന ബില്ലിന്റെ കോപ്പി ബഹളത്തിനിടെ കീറി. അദ്ദേഹത്തിന്റെ മൈക്ക് ബഹളം വെച്ച അംഗങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് സഭ മൂന്നുമണിവരെ നിര്‍ത്തിവെച്ചത്.

ന്യൂനപക്ഷ സംവരണം സംബന്ധിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെ റിപ്പോര്‍ട്ട് ബില്‍ അവതരണത്തിന് മുന്‍പ് ചര്‍ച്ച ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. നോട്ടീസ് നല്‍കാത്തതിനാല്‍ ഈ ആവശ്യം ഹമീദ് അന്‍സാരി നിരസിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളം തുടങ്ങുകയായിരുന്നു. എസ് പി, ആര്‍ ജെ ഡി അംഗങ്ങളുടെ ബഹളത്തെ തുടര്‍ന്ന് ലോകസഭാ നടപടികളും തടസപ്പെട്ടു.