ന്യൂദല്‍ഹി: എല്ലാ രാഷ്ട്രീയ കക്ഷികളുമായി ആലോചിച്ചേ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയുള്ളുവെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞു. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വനിതാ സംവരണ ബില്ലിനെ ചൊല്ലി ലോക്‌സഭയില്‍ ഇന്നും ബഹളമുണ്ടായ സാഹചര്യത്തിലാണ് പ്രണബ് നിലപാട് വ്യക്തമാക്കിയത്.

ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക ക്വോട്ട ഇല്ലാതെ ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് മുലായം സിങ്ങ് ലോക്‌സഭയില്‍ പറഞ്ഞു.

വനിതാ സംവരണ ബില്‍ പാസാക്കരുതെന്ന് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസിലെയും ബിജെപിയിലെയും എംപിമാരെന്ന് ലാലു പ്രസാദ് യാദവ് ലോക്‌സഭയില്‍ ആരോപിച്ചു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സമവായം ഉണ്ടാക്കാനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ശരദ് യാദവ് ആവശ്യപ്പെട്ടിട്ടുണ്ട്.

സസ്‌പെന്‍ഡു ചെയ്ത എം പിമാരുടെ കാര്യത്തില്‍ ഇന്ന് വൈകുന്നേരം തീരുമാനമാകുമെന്നാണ് കരുതുന്നത്.