ന്യൂദല്‍ഹി: യു പി എ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാന്‍ സാധ്യതയില്ലെന്ന് മുലായം സിങ് യാദവും ലാലു പ്രസാദ് യാദവും വ്യക്തമാക്കി.
അവിശ്വാസ പ്രമേയം കൊണ്ടു വരാനുള്ള അംഗബലം എസ് പി, ആര്‍ ജെ ഡി പാര്‍ട്ടികള്‍ക്ക് ഇല്ലാത്തതിനാലും ബി ജെ പി ഇടതു പാര്‍ട്ടികള്‍ ഇതിനോടു യോജിക്കാത്തതിനാലുമാണ് അവിശ്വാസ പ്രമേയത്തിനുള്ള നീക്കം പാളിയത്.

അതേസമയം, യു പി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി അറിയിച്ചു കൊണ്ടുള്ള കത്ത് രാഷ്ട്രപതിക്കു കൈമാറും. അതിനായി രാഷ്ട്രപതിയോട് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലാലു പ്രസാദ് പറഞ്ഞു.

വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കരുതെന്നും രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത തങ്ങളുടെ അംഗങ്ങളെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് മുലായംസിങ് യാദവിന്റെയും ലാലുപ്രസാദ് യാദവിന്റെയും നേതൃത്വത്തില്‍ അംഗങ്ങള്‍ ലോക സഭയില്‍ ബഹളം വച്ചു. ഇതിനെ തുടര്‍ന്ന് നടപടികള്‍ 12 മണി വരെ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ മീരാകുമാര്‍ തീരുമാനിച്ചു.