കോട്ടയം: ഹാദിയയുടെ വീട്ടില്‍ പ്രതിഷേധമറിയിച്ച് എത്തിയതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുവതികളെ ജാമ്യത്തില്‍ വിട്ടു. വൈക്കം പൊലീസ് അറസ്റ്റ് ചെയ്ത ഏഴ് പേര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ഹാദിയയുടെ വീടില്‍ സന്ദര്‍ശിക്കാനെത്തിയ യുവതികളുടെ സംഘത്തിനെതിരെ ഹാദിയയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്നായിരുന്നു യുവതികളെ അറസ്റ്റ് ചെയ്തത്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്നെന്നും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി.

ഇതേതുടര്‍ന്ന് യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ പെണ്‍കുട്ടിക്കെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമമുണ്ടായിരുന്നു. ഷബ്‌ന സുമയ്യ എന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം. ഇവരുടെ ഭര്‍ത്താവ് ഫൈസലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഫൈസിലിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് തടയുമ്പോഴായിരുന്നു ഷബ്‌നയെ ആക്രമിച്ചത്. തന്നെ അവര്‍ തള്ളി താഴെയിടുകയായിരുന്നെന്ന് ഷബ്‌ന ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.


Also read ‘പെണ്‍കുട്ടികള്‍ മാംസാഹരം കഴിക്കരുത്’; വിചിത്രനിയമങ്ങളുമായി ബനാറസ് ഹിന്ദു സര്‍വകലാശാല


ഐ.എസ് ഏജന്റ് എന്നുവിളിച്ച് ആക്രോശിച്ചായിരുന്നു ആര്‍എസ്എസ്സുകാരുടെ കയ്യേറ്റശ്രമം. പ്രതിഷേധത്തിനെത്തിയ മറ്റു പെണ്‍കുട്ടികളെ പ്രദേശവാസികളായ ആര്‍.എസ്.എസുകാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.
അതേസമയം സംഭവസ്ഥലത്തുണ്ടായി പൊലീസ് യുവതിയെ രക്ഷിക്കാനായി ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്.

നേരത്തെ ഹാദിയയുടെ വീട്ടിലേക്കാണ് യുവതികള്‍ എത്തിയിരുന്നത്. ഹാദിയയ്ക്ക് ചില പുസ്തകങ്ങളും മധുരപലഹാരങ്ങളും എത്തിക്കാനായാണ് തങ്ങള്‍ ഇവിടെ എത്തിയത്. അവരെ കാണണമെന്നുപോലും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. കൊണ്ടുവന്ന സാധനങ്ങള്‍ അവര്‍ക്ക് കൊടുക്കണമെന്ന ആഗ്രഹമേ തങ്ങള്‍ക്കുണ്ടായിരുന്നുള്ളൂ. ഇവര്‍ പറഞ്ഞു.


Also read ജെ.എന്‍.യുവിനെ ഇനി വനിതാ വിദ്യാര്‍ത്ഥികള്‍ നയിക്കും; എ.ബി.വി.പിയെ പ്രതിരോധിക്കാന്‍ ഐസയും എസ്.എഫ്.ഐയും ഒരുമിച്ച് മത്സരിക്കും


എന്നാല്‍ തങ്ങള്‍ കൊണ്ടുവന്നതൊന്നും ഹാദിയയ്ക്ക് ആവശ്യമില്ലെന്നാണ് അവരുടെ അച്ഛന്‍ പറഞ്ഞത്. ഇതിനിടെ തന്നെ രക്ഷിക്കണമെന്ന് ജനലിലൂടെ അപേക്ഷിക്കുന്ന ഹാദിയയെയാണ് തങ്ങള്‍ക്ക് കാണാനായതെന്നും ഇവര്‍ പറയുന്നു.

‘ ഇത് കടുത്ത മനുഷ്യാവകാശ ധ്വംസനമാണ്. 25 വയസുപ്രായമായ ഒരു സ്ത്രീ ഇവിടെ വീട്ടുതടങ്കലില്‍ ഇങ്ങനെ ഇരിയ്ക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുമാസമായി. ‘വനിതാ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു