എഡിറ്റര്‍
എഡിറ്റര്‍
നിയമപരമായി വിവാഹിതരാകാതെ പുരുഷനൊപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശം ഇല്ലെന്ന് കോടതി ഉത്തരവ്
എഡിറ്റര്‍
Thursday 9th January 2014 7:54am

high-court-003

കൊച്ചി: നിയമപരമായി വിവാഹിതരാകാതെ പുരുനൊപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശം നല്‍കണമെന്ന കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

നിയമപരമായി വിവാഹിതരാകാതെ സ്ത്രീക്ക് പുരുഷനില്‍ നിന്ന് ഭാര്യയുടേതായ അവകാശങ്ങള്‍ ലഭ്യമാകില്ലെന്നും ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരമുള്ള നിയമപരിരക്ഷക്കോ ജീവനാംശത്തിനോ ഇങ്ങനെ ജീവിക്കുന്നവര്‍ക്ക് അര്‍ഹതയില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് പി.ഭവദാസന്‍ ഉത്തരവിട്ടു.

നെയ്യാറ്റിന്‍കര സ്വദേശി അനില്‍ നല്‍കിയ ഹരജി പരിഗണിക്കവേ പ്രസ്താവിക്കുകയായിരുന്നു കോടതി. അനിലിനൊപ്പം താമസിച്ചിരുന്ന സ്ത്രീയുടെ പരാതിയില്‍ പുനലൂര്‍ മജിസ്‌ട്രേറ്റ് കോടതി ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കുകയും മാസം തോറും 1500 രൂപ വീതം ജീവനാംശം നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

വിവാഹം ചെയ്തതിന്റെ നിയമപരമായ രേഖകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കുന്നതില്‍ നിയമസാധുതയില്ലെന്ന് കാണിച്ച് അനില്‍ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി.

തുടര്‍ന്ന് അനില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വെപ്പാട്ടിയായി ഒപ്പം താമസിക്കുന്ന സ്ത്രീക്ക് ജീവനാംശം നല്‍കേണ്ട ആവശ്യമില്ലെന്ന് വേലുസ്വാമി-പച്ചമ്മാള്‍ കേസിലെ സുപ്രീംകോടതി വിധിയെ ഉദ്ദരിച്ച് ഹൈക്കോടതി വ്യക്തമാക്കി.

Advertisement