സ്ത്രീകള്‍ പ്രതികാരം ചെയ്യാന്‍ ബലാത്സംഗ നിയമം ഉപയോഗിക്കുന്നു: ദല്‍ഹി ഹൈക്കോടതി
India
സ്ത്രീകള്‍ പ്രതികാരം ചെയ്യാന്‍ ബലാത്സംഗ നിയമം ഉപയോഗിക്കുന്നു: ദല്‍ഹി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2013, 10:44 am

[]ന്യൂദല്‍ഹി: ബലാത്സംഗ നിയമം സ്ത്രീകള്‍ ദുരുപയോഗം ചെയ്യുന്നതായി ദല്‍ഹി ഹൈക്കോടതി. പ്രതികാരത്തിനുള്ള ആയുധമായി സ്ത്രീകള്‍ ബലാത്സംഗ നിയമം ഉപയോഗിക്കുന്നതായാണ് ദല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് കൈലാശ് ഗാംഭീറിന്റേതാണ് നിരീക്ഷണം. ബലാത്സംഗ നിയമം ഉപയോഗിച്ച് സ്ത്രീകള്‍ പുരുഷന്‍മാരോട് പ്രതികാരം ചെയ്യുന്നതായും വിവാഹത്തിന് നിര്‍ബന്ധിക്കുന്നതായും കോടതി നിരീക്ഷിച്ചു.[]

ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് ദല്‍ഹി ഹൈക്കോടതി സ്ത്രീകള്‍ ബലാത്സംഗ നിയമം ദുരുപയോഗം ചെയ്യുന്നതായി അഭിപ്രായപ്പെടുന്നത്.

ഭാര്യയെന്ന് അവകാശപ്പെട്ട സ്ത്രീ നല്‍കിയ ബലാത്സംഗക്കേസില്‍ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.

പ്രസ്തുത കേസില്‍ പരാതി നല്‍കിയ സ്ത്രീ രണ്ട് വര്‍ഷത്തോളം ആരോപണവിധേയനായ പുരുഷനുമൊത്ത് താമസിച്ചിരുന്നെന്നും വിവാഹത്തില്‍ നിന്ന് ഇയാള്‍ പിന്മാറിയപ്പോഴാണ് ബലാത്സംഗ നിയമപ്രകാരം പരാതി നല്‍കിയതെന്നും കോടതി വിലയിരുത്തി.

ഭൂരിഭാഗം കേസുകളിലും സ്ത്രീകള്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് ബന്ധം തകരുമ്പോള്‍ ബലാത്സംഗ നിയമപ്രകാരം പരാതി നല്‍കുകയുമാണെന്നും കോടതി കുറ്റപ്പെടുത്തി.

ബന്ധം തകരുമ്പോള്‍ പുരുഷനോട് പ്രതികാരം ചെയ്യാനും പണത്തിന് വേണ്ടിയും സ്ത്രീകള്‍ ബലാത്സംഗ നിയമം ദുരുപയോഗം ചെയ്യുന്നു. വിവാഹത്തിന് നിര്‍ബന്ധിതനാക്കാനും സ്ത്രീകള്‍ ഇത്തരം നിയമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഈ പ്രവണത വിവാഹത്തെ പരിഹസിക്കുന്നതും ബലാത്സംഗക്കേസുകള്‍ വര്‍ധിക്കുന്നതിനും കാരണമാകും. കോടതി പറഞ്ഞു.

നേരത്തേ പരസ്പര സമ്മതത്തോടെയുള്ള വിവാഹ പൂര്‍വ ബന്ധങ്ങള്‍ ബലാത്സംഗ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.