എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക ദാഹം തീര്‍ക്കുന്നത് സ്റ്റിറോയ്ഡ് നിറഞ്ഞ ശരീരങ്ങളില്‍ ; ചുവന്ന തെരുവവില്‍ നിന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
എഡിറ്റര്‍
Saturday 24th March 2012 9:16pm

 

പോലീസിനെ ഭയക്കാത്തവരാണ് ഈ വഴിയിലുള്ളത്. രാത്രിയിലെ ഉറക്കം വരാതിരിയ്ക്കണേയെന്ന് പ്രാര്‍ത്ഥിക്കുന്നവരാണ് ഏറെയും. രാത്രി നന്നായി ഉറങ്ങിയാല്‍ ആ ദിവസത്തെ ബിസിനസ് മോശമാകും. രതിയും പതിവുകാരനുമാണ് ഇവിടുത്തെ ആരാധനാമൂര്‍ത്തി.

ബംഗ്ലാദേശിന്റെ തലസ്ഥാന നഗരിയായ ധാക്കയില്‍ നിന്നും വടക്ക് കിഴക്ക് ഭാഗത്തേക്ക് കുറച്ചുദൂരം സഞ്ചരിച്ചാല്‍ തംഗാലി ടൗണിലെത്താം. ഇവിടുത്തെ കണ്ഡപാറ ചേരിയിലെ ഇടുങ്ങിയ വഴികളിലൂടെ നിങ്ങള്‍ സഞ്ചരിക്കുകയാണെങ്കില്‍ കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ ആംഗ്യവിക്ഷേപങ്ങളും പുഞ്ചിരിയുമാണ് നിങ്ങളെ ക്ഷണിക്കുക. ആകൃഷ്ടനായെത്തുന്ന പുരുഷന്റെ വിലപേശലങ്ങളുടെ പ്രതിധ്വനികള്‍ ഇവിടുത്തെ വായുവില്‍ അലയടിക്കുന്നത് കേള്‍ക്കാം.

ബംഗ്ലാദേശിലെ ഈ ചുവന്ന തെരുവില്‍ ശരീരവില്‍പന സ്ഥിരം ബിസിനസാണ്. എന്നാല്‍ വിലകൊടുത്ത് ലൈംഗിക ദാഹമകറ്റാനെത്തുന്നവര്‍ക്ക് പോലും കേട്ടാല്‍ ഞെട്ടിക്കുന്നതാണ് ഇവിടെ ശരീരം വില്‍ക്കുന്ന സ്ത്രീകളുടെ ‘സൗന്ദര്യ രഹസ്യങ്ങള്‍’.

കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളാണ് ഇവിടെ ഭൂരിപക്ഷവും. ശരീരപുഷ്ടിക്കും സൗന്ദര്യം നിലനിര്‍ത്തുന്നതിനും ഇവര്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന സ്റ്റിറോയിഡുകളാണ്. ഇവരില്‍ പലര്‍ക്കും ഈ മരുന്നുകളുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒന്നും അറിയില്ലതാനും.

10ാം വയസില്‍ ഇടനിലക്കാരന്‍ വഴി കണ്ഡപാറയിലെ ഒരു വേശ്യാലയത്തില്‍ എത്തിപ്പെട്ട ഹാഷി എന്ന പതിനേഴുകാരി സ്റ്റിറോയിഡുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് പറയുന്നതിങ്ങനെയാണ് ‘ പോഷകക്കുറവ് ഭരിച്ച എന്റെ കുട്ടിക്കാലവും ഇപ്പോള്‍ സ്റ്റിറോയിഡുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ കൗമാരവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. പണ്ടെത്തെക്കാള്‍ ആരോഗ്യവതിയാണ് ഞാനിപ്പോള്‍. ദിവസം 15 കസ്റ്റമര്‍മാരെ വരെ സന്തോഷിപ്പിക്കാന്‍ പര്യാപ്തയും.’

ഇവിടെയുള്ള 900 ലൈംഗിക തൊഴിലാളികളില്‍ ഒരാള്‍ മാത്രമാണ് ഹാഷി. കടക്കെണിക്കും, ദുരിതങ്ങള്‍ക്കും, ചൂഷണത്തിനും ഇടയില്‍ ‘ബിസിനസ്’ മെച്ചപ്പെടുത്താന്‍ വേണ്ടി സ്റ്റിറോയിഡുകളും, ഒറാഡെക്‌സോണും കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍. അലര്‍ജിയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് ഒരാഡേക്‌സോണ്‍. ഇവിടെയുള്ള 90% പേരും ഇതോ സമാനമായ മറ്റ് മരുന്നുകളോ സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.

പെണ്‍കുട്ടികളെ ഇത് ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത് വേശ്യാലയങ്ങള്‍ നടത്തുന്ന സ്ത്രീകളാണ്. ഇത് വിശപ്പ് വര്‍ധിപ്പിക്കുകയും അതുവഴി പെണ്‍കുട്ടികള്‍ക്ക് വണ്ണം കൂടാനും സെക്‌സിനസ് വര്‍ധിപ്പിക്കാനും കാരണമാകും. ഈ മരുന്നുകള്‍ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തലവേദന എന്നിവയ്ക്ക് കാരണമാകും. സ്ഥിരമായി ഇത് ഉപയോഗിക്കുന്നവര്‍ ഇതിന് അടിമകളാവുകയും ചെയ്യും. കൂടാതെ രോഗപ്രതിരോധശേഷിയെ ഇത് തകര്‍ക്കും. ഇത്തരം മരുന്നുകള്‍ അമിതമായി കഴിച്ച് ലൈംഗികതൊഴിലാളികള്‍ മരിച്ച സംഭവങ്ങള്‍വരെ ഇവിടെയുണ്ടായിട്ടുണ്ട്.

ചില യുവതികള്‍ക്ക് ഈ ഗുളികകളുടെ ദോഷഫലങ്ങള്‍ നന്നായി അറിയാം. പക്ഷെ ഇവ കഴിക്കാന്‍ വിസമ്മതിച്ചാലും അവരെ നിര്‍ബന്ധിച്ചു കഴിപ്പിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. കണ്ഡപാറ ചേരികളില്‍ ഇത്തരം ഗുളികകള്‍ സുലഭമാണ്. ചായയും സിഗരറ്റുമൊക്കെ വില്‍ക്കുന്ന കടകളില്‍നിന്നു പോലും യാതൊരു കുറിപ്പും കൂടാതെ ഇത്തരം ഗുളികകള്‍ ലഭിക്കും. പെണ്‍കുട്ടികള്‍ക്ക് ഗുളികകള്‍ നല്‍കുന്നുണ്ടെന്ന കാര്യം തുറന്ന് സമ്മതിക്കാന്‍ വേശ്യാലയം നടത്തിപ്പുകാര്‍ ഒരിക്കലും തയ്യാറാവാറാലില്ല.

ഇത്തരം ഗുളികകള്‍ ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ വേശ്യാലയങ്ങളിലെ മാഡം പറയുന്നത് അനുസരിക്കുകയാണ് പെണ്‍കുട്ടികളെ സംബന്ധിച്ച് സുരക്ഷിതമായ വഴിയെന്ന അവസ്ഥയാണിവിടെ. ബംഗ്ലാദേശില്‍ 10,000 കുട്ടികള്‍ ഇത്തരത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് യുനിസെഫിന്റെ കണക്ക്. മറ്റ് കണക്കുകള്‍ പ്രകാരം 29,000ത്തിന് മുകളിലാണ്. ദാരിദ്ര്യം കാരണം നിരവധി കുട്ടികള്‍ ചെറുപ്രായത്തില്‍ തന്നെ ഇവിടങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുകയാണ്.

20,000 ടാക്ക അതായത് 12,230 രൂപയ്ക്കാണ് പാവപ്പെട്ടവര്‍ തങ്ങളുടെ കുട്ടികളെ പെണ്‍വാണിഭക്കാര്‍ക്ക് വില്‍ക്കുന്നത്. ഇവര്‍ പിന്നീട് വേശ്യാലയങ്ങളില്‍ എത്തിപ്പെടും. ദിവസം 15 ഓളം പുരുഷന്മാരുമാര്‍വരെ കസ്റ്റമറായി ഉണ്ടാവും. നടത്തിപ്പുകാരികളാണ് പണം ലഭിക്കുന്നത്. വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തതും ദാരിദ്ര്യവും ഈ ചൂഷണത്തിന് നിന്നുകൊടുക്കാന്‍ ഇവരെ നിര്‍ബന്ധിതരാക്കുകയാണ്.


കടപ്പാട്: റഡിഫ്‌ന്യൂസ്

Advertisement