എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീയുടെ കടമ ഭര്‍ത്താവിനെ ശുശ്രൂഷിക്കല്‍; ആര്‍.എസ്.എസ് നേതാവിന്റെ പുതിയ പരാമര്‍ശം
എഡിറ്റര്‍
Sunday 6th January 2013 10:16am

ന്യൂദല്‍ഹി: ആര്‍.എസ്.എസ്സിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അവസാനിക്കുന്നില്ല. സ്ത്രീപീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമുള്ള വിവാദപരാമര്‍ശത്തിന് പിറകേയായി വീണ്ടുമൊരു പരാമര്‍ശവുമായി എത്തിയിരിക്കുകയാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. സ്ത്രീകള്‍ വീട്ടുജോലികള്‍ മാത്രം ചെയ്ത് ഒതുങ്ങി ജീവിക്കണമെന്നാണ് മോഹന്‍ ഭഗവതിന്റെ പുതിയ പ്രസ്താവന.

Ads By Google

ഇന്‍ഡോറില്‍ നടന്ന പൊതു പരിപാടിക്കിടെയാണ് ഭഗവത് തന്റെ പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഭാര്യ-ഭര്‍തൃബന്ധം ചില സാമൂഹിക കാരാറുമായി ബന്ധപ്പെട്ടാണ്. അവിടെ സ്ത്രീയുടെ ഉത്തരവാദിത്വം വീട് നോക്കലും ഭര്‍ത്താവിന്റേത് വരുമാനം കണ്ടെത്തലും ഭാര്യയെ സംരക്ഷിക്കലുമാണ്. ഇതായിരുന്നു മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.

‘പുരുഷനെ പ്രീതിപ്പെടുത്തി വീട്ടുകാര്യങ്ങള്‍ നോക്കി ജീവിക്കുകയാണ് സ്ത്രീ ചെയ്യേണ്ടത്. പുരുഷന്‍ ഭാര്യയുടെ ആഗ്രഹങ്ങള്‍ സാക്ഷാത്കരിക്കുകയും അവളെ സംരക്ഷിക്കുകയും ചെയ്യും. ഭഗവത് പറഞ്ഞു.

കടമ നിര്‍വഹിക്കുന്നതില്‍ ഭാര്യയും ഭര്‍ത്താവും പരാജയപ്പെട്ടാല്‍ ഇരുവര്‍ക്കും വേര്‍പിരിയാമെന്നും പുതിയ പങ്കാളിയുമായി പുതിയ കരാര്‍ നടപ്പിലാക്കാമെന്നും ഭഗവത് പറഞ്ഞു.

കഴിഞ്ഞ ദിവസം ‘സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും ഭാരതത്തിലല്ലെന്നുമുള്ള ഭഗവതിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പീഡനങ്ങള്‍ നടക്കന്നത് ഇന്ത്യയിലെ നഗരങ്ങളിലാണെന്നും ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ നടക്കുന്നില്ലെന്നുമാണ് മോഹന്‍ ഭഗവത് പറഞ്ഞത്.

പാശ്ചാത്യ സംസ്‌കാരം അനുകരിക്കാനുള്ള ആധുനിക ഇന്ത്യയുടെ വെപ്രാളത്തിന്റെ ഫലമാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളെന്നും ഭഗവത് പറഞ്ഞു. ഭഗവതിന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

രാജ്യത്തെ രണ്ടായി വിഭജിക്കുന്നതിന് പകരം, ഗ്രാമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കൂടി മനസ്സിലാക്കാന്‍ മോഹന്‍ ഭഗവത് ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ മമത ശര്‍മ ഇതിനോട് പ്രതികരിച്ചിരുന്നു.

Advertisement