ന്യുദല്‍ഹി: ദല്‍ഹിയില്‍ യുവതി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രി ദക്ഷിണ ദല്‍ഹിയിലെ സരായ് കലേ ഖാന്‍ ബസ് സ്‌റ്റേഷനിലാണ് സംഭവം.

Ads By Google

ഭര്‍ത്താവിനൊപ്പം ബസ് സ്‌റ്റേഷനിലെത്തിയ പൂജ (25) എന്ന യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇവരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട രണ്ടംഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അക്രമികളില്‍ ഒരാളെ ജനക്കൂട്ടം പിടികൂടി ട്രാഫിക് പൊലീസില്‍ ഏല്‍പ്പിച്ചു. മുന്‍ഷി യാദവ് എന്നയാളാണ് പിടിയിലായത്. ഇയാളില്‍ നിന്ന് നാടന്‍ തോക്കും തിരകളും പിടിച്ചെടുത്തു.

യുവതിയുടെ കഴുത്തിലും മുഖത്തുമായി മൂന്ന് തവണ വെടിയുതിര്‍ത്തു. വളരെ അടുത്തുനിന്നാണ് വെടിവെച്ചതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ഉടന്‍തന്നെ ഇവരെ എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.

അക്രമികള്‍ രണ്ടുപേരും മദ്യപിച്ചിരുന്നതായും വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.