എഡിറ്റര്‍
എഡിറ്റര്‍
സിറിയയിലേക്ക് യുവതിയെ പറഞ്ഞയക്കാന്‍ ശ്രമം; ഡി.ജി.പിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
എഡിറ്റര്‍
Saturday 19th August 2017 9:40am


എറണാകുളം: കണ്ണൂര്‍പരിയാരം സ്വദേശിയായ യുവതിയെ ഭര്‍ത്താവിന്റെയും മതസംഘടനയുടെ നേതൃത്വത്തില്‍ സിറിയയിലേക്ക് അയക്കാന്‍ ശ്രമം നടന്നുവെന്ന പരാതിയില്‍ ഹൈക്കോടതി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി. പരാതി ഗൗരവമുള്ളതാണെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. പെണ്‍കുട്ടി നേരിട്ടെത്തി ഹൈക്കോടതിക്ക് മൊഴി നല്‍കുകയായിരുന്നു. യുവതിയെ മാതാപിതാക്കള്‍ വീട്ടുതടങ്കലിലാക്കിയെന്ന് കാണിച്ച് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കീഴ്‌ക്കോടതി പുറപ്പെടുവിച്ച തിരച്ചില്‍ വാറണ്ട് മരവിപ്പിക്കാനും ഹൈക്കോടതി ഉത്തരവ് നല്‍കി.

കണ്ണൂര്‍ പരിയാരത്ത് നിന്നുള്ള ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് മെയ് 16ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ജൂണ്‍ 21 ന് കോടതിയില്‍ ഹാജരായ യുവതി തന്റെ വിവാഹം കഴിഞ്ഞതായും ഭര്‍ത്താവിന്റെ കൂടെ പോകാന്‍ അനുവദിക്കണമെന്നും കോടതിയെ അറിയിച്ചു.


Also Read അപകടത്തില്‍പ്പെട്ട വൃദ്ധനെ ആശുപത്രിയിലെത്തിക്കാന്‍ സഹായം ചോദിച്ചപ്പോള്‍ പ്രതിപക്ഷനേതാവിന് അകമ്പടി പോകണമെന്ന് പൊലീസ്: ചികിത്സ കിട്ടാതെ വൃദ്ധന്‍ മരിച്ചു


എന്നാല്‍ കുറച്ച് ദിവസത്തിന് ശേഷം യുവതി സ്വമേധയാ മാതാപിതാക്കളുടെ പക്കല്‍ തിരിച്ചെത്തി. ഭര്‍ത്താവും വിവാഹം നടത്തിയ മതസംഘടനയും ചേര്‍ന്ന് തന്നെ സിറിയയിലേക്കോ യെമനിലേക്കോ അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അക്കാര്യം അവര്‍ രേഖാമൂലം അറിയിച്ചെന്നും വെളിപ്പെടുത്തി.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നേരിട്ടെത്തി യുവതിയും മാതാപിതാക്കളും കോടതിയെ വിവരം അറിയിച്ചു. ഇതെ തുടര്‍ന്ന് വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയത്. ഇനിയൊരു ഉത്തരവുണ്ടാകും വരെ യുവതിക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Advertisement