എഡിറ്റര്‍
എഡിറ്റര്‍
ജയിലുള്ള ഭര്‍ത്താക്കന്‍മാരെ മോചിപ്പിക്കാനായി യുവതികള്‍ വൃക്ക വില്‍ക്കുന്നു
എഡിറ്റര്‍
Wednesday 14th November 2012 9:00am

ഹൈദരാബാദ്: ദുബായ് ജയിലില്‍ തടവില്‍ കഴിയുന്ന ഭര്‍ത്താക്കന്‍മാരുടെ മോചനത്തിന് നഷ്ടപരിഹാരത്തുക കണ്ടെത്താന്‍ വൃക്ക വില്‍ക്കാന്‍ തയ്യാറായി ആറ് യുവതികള്‍.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്നിലാണ് അനുമതിക്കായി ഇവര്‍ കാത്തുനില്‍ക്കുന്നത്. കരിംനഗര്‍ ജില്ലയില്‍ നിന്നുള്ള യുവതികളാണ് ഭര്‍ത്താക്കന്‍മാരുടെ മോചനത്തിന് പണമില്ലത്തതിനാല്‍ വൃക്ക വില്‍ക്കണമെന്ന് അപേക്ഷ നല്‍കിയത്.

Ads By Google

ഇതേത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍ ആര്‍ ഐ സെല്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ഇമിഗ്രേഷന്‍ വകുപ്പ്, പ്രവാസികാര്യ മന്ത്രാലയം എന്നിവയോട് റിപ്പോര്‍ട്ട് തേടി.

ജനുവരി 17 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. ഒരു നേപ്പാളി യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നിര്‍മാണത്തൊഴിലാളിയായ ആറ് ആന്ധ്രാ സ്വദേശികള്‍ ദുബായ് ജയിലില്‍ തടവില്‍ കഴിയുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവര്‍ തടവിലാണ്.

കരിംനഗര്‍ ജില്ലക്കാരായ ശിവരാത്രി മല്ലേഷ്, എസ്.രവി, നമ്പേലി വെങ്കടി, ഡി.ലക്ഷ്മണ്‍, എസ്.ഹനുമാനുതു, സയ്യിദ് കരീം എന്നിവരാണ് ജയിലിലുള്ളത്. ഇവരില്‍ അഞ്ച് പേര്‍ക്ക്  24 വര്‍ഷവും ഒരാള്‍ക്ക് പത്ത് വര്‍ഷവുമാണ് തടവ് ശിക്ഷ വിധിക്കപ്പെട്ടത്. നിയമസഹായം ലഭിക്കാത്തതിനാലാണ് കേസില്‍ പെട്ടതെന്നും ഇവര്‍ നിരപരാധികളാണെന്നും ഭാര്യമാര്‍ പറയുന്നു.

ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ടതിനെ തുടര്‍ന്ന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയാല്‍ പ്രതികള്‍ക്ക് മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട നേപ്പാളി സുരക്ഷാ ജീവനക്കാരന്റെ ഭാര്യ സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ ഇത്രയും തുക നല്‍കാനില്ലാത്തതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തിലിടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും  മറുപടി ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നാണ് വൃക്ക വിറ്റ് പണം സ്വരൂപിക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ പറയുന്നു.

Advertisement