ട്രിപ്പോളി: ലിബിയന്‍ സൈന്യം മാനഭംഗപ്പെടുത്തിയെന്ന ആരോപണവുമായി യുവതി രംഗത്ത്. ഗദ്ദാഫിയുടെ സൈന്യത്തിലെ 15 പേര്‍ അടങ്ങുന്ന സംഘം തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന ആരോപണവുമായി ഇമന്‍ അല്‍- ഒബീഡിയാണ് രംഗത്തെത്തിയത്.

ട്രിപ്പോളിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തന്നെ വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗത്തിനിരയാക്കുകയായിരുന്നു. സൈന്യത്തോടൊപ്പം ഹോട്ടലിലെ ജോലിക്കാരുമുണ്ടായിരുന്നെന്നു. പിന്നീട് രണ്ടു ദിവസം സൈന്യത്തിന്റെ കസ്റ്റഡിയിലായിരുന്ന തന്നെ നിരവധി തവണ മാനഭംഗത്തിനിരയാക്കിയെന്നും ട്രിപ്പോളി ഹോട്ടലിലുള്ള വിദേശ മാധ്യമപ്രവര്‍ത്തകരോട് യുവതി പറഞ്ഞു.

മദ്യം കഴിച്ചതിനു ശേഷമാണ് സൈനികര്‍ തനിക്കെതിരേ ആക്രമണം നടത്തിയത്. തന്നെ കൂടാതെ നിരവധി സ്ത്രീകള്‍ സൈനികരുടെ കസ്റ്റഡിയിലുണ്ടെന്നും യുവതി പറഞ്ഞു. യുവതിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. എന്നാല്‍ ഇവര്‍ സൈനികരുടെ കസ്റ്റഡിയില്‍ നിന്നും എങ്ങനെ രക്ഷപെട്ടുവെന്ന് വ്യക്തമല്ല.

ഈ സ്ത്രീ മദ്യപിക്കുന്ന ശീലമുള്ളവളും, മാനസിക രോഗിയുമാണെന്ന വിവരം തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് മൗസ ഇബ്രാഹിം പറഞ്ഞു. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ കൃത്യമായി എന്തെങ്കിലും പറയാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.