Administrator
Administrator
ജെന്‍ഡര്‍ ഫെസ്റ്റില്‍ പുരുഷാധിപത്യം; ബഹിഷ്‌കരിക്കുമെന്ന് കെ.അജിത
Administrator
Wednesday 7th March 2012 6:05pm

k-ajitha

സ്ത്രീ ശാക്തീകരണത്തിനായി സര്‍ക്കാര്‍ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് ജെന്റര്‍ ഫെസ്റ്റ്. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് ആരംഭിക്കുന്ന ജെന്റര്‍ഫെസ്റ്റിനെതിരെ സ്ത്രീ സംഘടനകള്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ജെന്റര്‍ ഫെസ്റ്റിന്റെ പോസ്റ്ററുകള്‍ക്കെതിരെയും ബ്രോഷറിനെതിരെയും അതില്‍ പറയുന്ന കാര്യങ്ങള്‍ക്കെതിരെയും അന്വേഷിയുള്‍പ്പെടെയുള്ള വനിതാ നേതാക്കള്‍ പരസ്യമായി മുന്നോട്ടുവന്നു. ജെന്‍ഡര്‍ ഫെസ്റ്റ് എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്നതിനെക്കുറിച്ച് അന്വേഷി പ്രസിഡന്റ് കെ. അജിത ജിന്‍സി ബാലകൃഷ്ണനുമായി സംസാരിക്കുന്നു…

ജെന്റര്‍ ഫെസ്റ്റിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്താണ്? ലക്ഷ്യത്തില്‍ എത്തിച്ചേരുന്ന തരത്തിലാണോ ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്?

സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ടുമെന്റുകളാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.  സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു സ്വാശ്രയ സ്ഥാപനമായി ഇതിന് മുന്നോട്ടുകൊണ്ടുപോകാനാണ് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്ദേശിച്ചത്. ഇതിന്റെ നേതൃത്വവും സംഘാടനവും ഉത്തരവാദിത്തവുമെല്ലാം സ്ത്രീകള്‍ക്കായിരിക്കണം.

ഇപ്പോള്‍ ഈ ഫെസ്റ്റ് നടത്തുന്നത് ആ ഉദ്ദേശത്തിലല്ല. മറ്റെല്ലാ കാര്യവും വിടാം. സ്ത്രീകള്‍ മുന്‍കൈയെടുത്ത് നടത്തുന്ന പരിപാടിയില്‍ വിശിഷ്ടാതിഥികളാവാന്‍ സിനിമാ താരങ്ങളെയേ കിട്ടിയുള്ളൂ. സിനിമാ താരങ്ങള്‍ മോശമാണെന്നല്ല ഞാന്‍ പറയുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായി  പല കാര്യങ്ങളും ചെയ്ത നിരവധി ആളുകള്‍ നമുക്കുണ്ട്. സിനിമാ താരങ്ങളെ വെച്ച് ഈ പരിപാടി മാര്‍ക്കറ്റ് ചെയ്യുകയാണ് വേണ്ടത്.

തന്റേടം ജെന്‍ഡര്‍ പാര്‍ക്ക് കേരള സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന ഒരു സ്വതന്ത്ര സ്ഥാപനമായിരിക്കുമെന്നും, സ്ത്രീകളായിരിക്കും അതിന്റെ ആസൂത്രണം മുതല്‍ നടപ്പിലാക്കല്‍ വരെയുള്ള പ്രക്രിയകളില്‍ നേതൃത്വ പങ്ക് വഹിക്കുകയെന്നുമാണ് അതിന്റെ കണ്‍സെപ്റ്റ് നോട്ടില്‍ പറയുന്നത്. എന്നാല്‍ ജെന്‍ഡര്‍ ഫെസ്റ്റിന്റെ ബ്രോഷറില്‍ സ്വാതന്ത്ര്യം എന്നും, സ്ത്രീകളുടെ നേതൃത്വപങ്ക് എന്നും പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കയാണ്. ഇതിലൂടെ മറ്റേതൊരു സര്‍ക്കാര്‍ വകുപ്പും പോലെ ജെന്‍ഡറിന്റെ പേരിലുള്ള ഒരു സര്‍ക്കാര്‍ സ്ഥാപനം മാത്രമായിരിക്കും ഇത് എന്ന് വ്യക്തമാക്കിയിരിക്കുകുയാണ്.

സിനിമാ നടിമാരെ വിളിച്ച് ഡാന്‍സും പാട്ടും അവതരിപ്പിക്കുന്നതിലൂടെ എന്ത് പുതിയൊരു മൂല്യമാണ് ഇവര്‍ക്ക് സ്ത്രീകള്‍ക്ക് കാട്ടിക്കൊടുക്കാനുള്ളത്. എന്ത് സന്ദേശമാണ് അവര്‍ക്ക് ലഭിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.

ഈ പരിപാടിയുടെ നടത്തിപ്പ് ഏല്‍പ്പിച്ചിരിക്കുന്നത് ഇവന്റ്മാനേജ്‌മെന്റ് ഗ്രൂപ്പിനെയാണ്. എന്തുകൊണ്ട് ഇത് സ്ത്രീകള്‍ക്ക് മുന്‍കൈയെടുത്ത് നടത്തിക്കൂടാ?

സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അഞ്ച് ഏക്കര്‍ സ്ഥലം സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്തു. സ്ത്രീയ്ക്ക് തന്റേതായ ഒരിടം കണ്ടെത്താന്‍ വേണ്ടിയാണിത്. അവിടെ മലബാര്‍ മഹോത്സവം പോലെ ഒരു പരിപാടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

ജെന്റര്‍ ഫെസ്റ്റിന് മുന്നോടിയായി നടത്തിയ യോഗങ്ങളില്‍ ചില വനിതാ സംഘടനകളെ ഒഴിവാക്കിയെന്ന് ആരോപണമുണ്ടല്ലോ?

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. അന്ന് തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ വനിതാസംഘടനകളുടെ യോഗം വിളിച്ചിരുന്നു. സി-ഡിറ്റും യോഗത്തില്‍ പങ്കെടുത്തിരുന്നു. അന്നത്തെ കണ്‍സപ്റ്റ് നോട്ട് തയ്യാറാക്കിയത് ഞങ്ങളുടെ സാന്നിധ്യത്തിലാണ്. ആ യോഗത്തില്‍ പങ്കെടുത്തയാളെന്ന നിലയ്ക്കാണ് അതിന്റെ ഉദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പുതിയ ജെന്‍ഡര്‍ ഫെസ്റ്റ് നടത്തുന്നതെന്ന് എനിക്ക് പറയാനാവുന്നത്.

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈ പദ്ധതിയുടെ തുടര്‍ച്ചയ്ക്കായി വിളിച്ച യോഗത്തിലൊന്നും തങ്ങളെ ക്ഷണിച്ചിട്ടില്ല. എന്നെപ്പോലും അറിയിക്കാതെ ജെന്റര്‍ഫെസ്റ്റിന്റെ റിസപ്ഷന്‍ കമ്മിറ്റിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എന്റെ പേര് വെച്ച് നോട്ടീസ് അടിക്കുകയും ചെയ്തു. നോട്ടീസ് കണ്ട ചിലര്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഇക്കാര്യം ഞാനറിയുന്നതുതന്നെ.

അവസാനം നിമിഷം സ്ത്രീപ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നുണ്ട്. അവസാന നിമിഷത്തില്‍ ആളെക്കൂട്ടാനുള്ള ശ്രമങ്ങളായാണിതിനെ കാണുന്നത്. ഇതിനായി ഫെസ്റ്റില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും അംഗനവാടി ജീവനക്കാരെയും ക്ഷണിക്കുന്നുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ഒരുപരിപാടിയിലേക്ക് എന്ന് പറഞ്ഞാല്‍ അവര്‍ വരും. പരിപാടിയില്‍ സന്നിഹിതരാവുക എന്നതിനപ്പുറം ഒപ്പീനിയന്‍ മേക്കിംഗില്‍ അവരെ പങ്കാളികളാക്കില്ല.

ഏതൊക്കെ സംഘടനകളാണ് ഇപ്പോള്‍ ഫെസ്റ്റിവെലിന്റെ നേതൃനിരയിലുള്ളത്?

വനിതാ ലീഗ്, സി.പി.ഐയുടെ മഹിളാസംഘം, മഹിളാ കോണ്‍ഗ്രസ് എന്നിവയാണ് പ്രധാനമായുമുള്ളത്. സ്ത്രീചേതനയും ഇപ്പോള്‍ സഹകരിക്കുന്നുണ്ടെന്ന് കേട്ടു. ഞങ്ങളെന്തായാലും ഇതില്‍ സഹകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാര്‍ സഹകരണത്തോടെ നടത്തുന്ന പരിപാടിയാണെങ്കില്‍ അതില്‍ ഞങ്ങള്‍ പങ്കെടുക്കേണ്ടതുണ്ടെന്ന് നിര്‍ബന്ധമില്ലല്ലോ.

ജെന്‍ഡര്‍ ഫെസ്റ്റിന്റെ സംഘാടകരുടെ നേതൃനിരയിലുള്ള നൂര്‍ബിന റഷീദിനെ പോലുള്ളവര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹരാണോ? കോഴിക്കോട് സ്ത്രീകളുടെ ഉന്നമനത്തിനായി ശക്തമായ പോരാട്ടം നടത്തിയവരാണോ ഈ സ്ഥാനത്തുള്ളത്?

അല്ല എന്ന് ഞാന്‍ പറയും. സ്ത്രീകള്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കെതിരെയും കോഴിക്കോട്ടെ സ്ത്രീ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. ആ സമയത്തൊന്നും ഒരൊറ്റ വനിതാ ലീഗ് പ്രവര്‍ത്തകയെയും കണ്ടിട്ടില്ല. സ്ത്രീകളുടെ ഇടയില്‍ പ്രവര്‍ത്തിച്ച എന്ത് പശ്ചാത്തലമാണ് ഇവര്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളത്. അതിനേക്കാള്‍ പാരമ്പര്യമുള്ള സംഘടനകളാണ് മഹിളാ അസോസിയേഷനും ശാസ്ത്ര സാഹിത്യ പരിഷത്തുമൊക്കെ.

യു.ഡി.എഫ് അധികാരത്തിലിരിക്കുന്നത് കൊണ്ട് അവര്‍ക്ക് വേണ്ടപ്പെട്ടവരെ നേതൃസ്ഥാനത്തിരുത്തി. എല്‍.ഡി.എഫ് ആയിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടപ്പെട്ടവരെ അവരും മുന്നോട്ട് കൊണ്ടുവരുമായിരുന്നു.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ ശക്തമായ നിലപാടെടുത്ത വനിതാ സംഘടനകളെ ജെന്‍ഡര്‍ ഫെസ്റ്റില്‍ നിന്നും ഒഴിവാക്കിയതായി ആക്ഷേപമുണ്ട്. അതിനെക്കുറിച്ച് എന്താണഭിപ്രായം?

അതുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ അതൊരു കാരണമായിരിക്കാം.

Malayalam news

Kerala news in English

Advertisement