എഡിറ്റര്‍
എഡിറ്റര്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് നാല് സീറ്റ് നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ്
എഡിറ്റര്‍
Monday 11th November 2013 8:48am

SOBHA-OJHEകൊച്ചി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ വനിതകള്‍ക്കായി നാല് സീറ്റെങ്കിലും മാറ്റിവയ്ക്കണമെന്ന് മഹിളാ കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന.

ജയസാധ്യതയുള്ള സീറ്റുകള്‍ തന്നെ വനിതകള്‍ക്ക് നല്‍കാന്‍ സംസ്ഥാന നേതൃത്വം സന്നദ്ധത കാണിക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡണ്ട് ശോഭ ഓജെയാണ്  അഭ്യര്‍ത്ഥിച്ചത്. എറണാകുളത്ത് മഹിളാ

കോണ്‍ഗ്രസ് സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വനിതകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണം. വനിതകള്‍ക്ക് ചുരുങ്ങിയത് നാല് സീറ്റെങ്കിലും നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം സന്നദ്ധത കാണിക്കണം. വനിതാ സംവരണത്തിന്റെ കാര്യത്തില്‍ മാതൃക കാട്ടിയിട്ടുള്ള സംസ്ഥാനമാണ് കേരളം.

വരുന്ന തെരഞ്ഞെടുപ്പിലും വനിതകളെ വേണ്ട വിധം പരിഗണിക്കുമെന്നാണ് കരുതുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം പ്രാതിനിധ്യമുണ്ട്. എന്നാല്‍ നിയമസഭകളിലും പാര്‍ലിമെന്റുകളിലും അത് ലഭിക്കാറില്ല.

വനിതാ സംവരണ ബില്‍ നടപ്പാക്കുന്നതിന് മുമ്പെ 20 ശതമാനം സംവരണം ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ മാതൃകയില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാസത്തില്‍ ഒരു തവണയെങ്കിലും ഓരോ ജില്ലയിലും  സ്ത്രീസമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിക്കണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

ഇതിലൂടെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ മനസ്സിലാക്കാനും പരിഹാരം നിര്‍ദ്ദേശിക്കാനും സഹായങ്ങള്‍ ലഭ്യമാക്കാനും പ്രവര്‍ത്തകര്‍ക്കു കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Advertisement