Categories

വനിത എം.എല്‍.എമാരെ തല്ലിയ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ രണ്ട് വനിത എം.എല്‍.എമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍.

Ads By Google

സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലായിരുന്നു എം.എല്‍.എമാര്‍ക്ക് മര്‍ദ്ദനമേറ്റത്.

എസ്.ഐ കെ.കെ രമണിയെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എം.എല്‍.എമാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണമല്ല ഉത്തരവാദികളായ പോലീസുകാരെ സസ്‌പെന്റ് ചെയ്യുകയാണ് വേണ്ടതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മര്‍ദ്ദനത്തില്‍ ബിജി മോള്‍ എം.എല്‍.എക്കും ഗീതാ ഗോപിക്കുമാണ് മര്‍ദ്ദനമേറ്റിരുന്നത്.

എന്നാല്‍ സംഭവത്തെ കുറിച്ച് പത്രത്തിലും ചാനലുകളിലും വന്ന ദൃശ്യങ്ങളിലോ സി.ഡി പരിശോധനയിലോ പോലീസിന്റെ കുറ്റം എന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നായിരുന്നു ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നത്.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. എം.എല്‍.എമാരെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ ആദ്യം പറഞ്ഞ മൊഴിയും പിന്നീടുള്ള മൊഴിയും തമ്മില്‍ വ്യത്യാസമുണ്ടെന്നും പറഞ്ഞ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദമൂലമാണ് എസ്.ഐക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.