എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കാണാതായവരില്‍ ഏറെയും സത്രീകള്‍
എഡിറ്റര്‍
Saturday 8th March 2014 8:45am

women

കൊച്ചി: കേരളത്തില്‍ നിന്ന് കഴിഞ്ഞ പത്തു വര്‍ഷത്തിനിടക്ക് കാണാതായവരുടെയും കണ്ടെത്താത്തവരുടെയും എണ്ണത്തില്‍ കൂടുതലും സ്ത്രീകള്‍. പത്തു വര്‍ഷത്തിനിടെ കാണാതായ 38485 പേരില്‍ 24384 പേരും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജില്ലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാലും സ്ത്രീകള്‍ തന്നെയാണ് മുന്‍ പന്തിയിലുള്ളത്.

കാണാതായതുമായി ബന്ധപ്പെട്ട് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. ഇക്കാര്യത്തില്‍ കൊല്ലം, എറണാകുളം ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കാസര്‍കോടാണ് ഏറ്റവും കുറവ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി.ബി. ബിനുവിന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കിയതാണീ വിവരങ്ങള്‍.

തിരുവനന്തപുരത്ത് പത്ത് വര്‍ഷത്തിനിടക്ക് 7183 പേരെയാണ് കാണാതായിട്ടുള്ളത്. ഇതില്‍ തന്നെ സിറ്റിയില്‍ 2630 പേരും റൂറലില്‍ 4553 പേരുമാണുള്ളത്.  ജില്ലയില്‍ 6198 പേരെയാണ് കണ്ടെത്താനായത്. എന്നാല്‍ 985 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

കൊല്ലം ജില്ലയില്‍ സിറ്റിയില്‍ 2272 പേരും റൂറലില്‍ 2529 പേരുമടക്കം 4801 പേരെയാണ് കാണാതായത്. ഇതില്‍ 4515 പേരെയാണ് കണ്ടെത്തിയത്. ശേഷിക്കുന്ന 425 പേരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പത്തനംതിട്ട ജില്ലയില്‍ കാണാതായ 1960 പേരില്‍ 1716 പേരെ കണ്ടെത്തി. 244 പേരെക്കുറിച്ച് ഇതുവരെയും വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ആലപ്പുഴയില്‍ 2648 പേരെ കാണാതായതില്‍ 2221 പേരെ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 427 പേരെക്കുറിച്ച് വിവരമൊന്നുമില്ല.

കോട്ടയത്ത് നിന്ന് കാണാതായ 2817 പേരില്‍ 244 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ഇടുക്കിയില്‍ 1552 പേരെയാണ് കാണാതായത്. ഇതില്‍ 1322 പേരെ കണ്ടെത്തിയപ്പോള്‍ 230 പേരെ കണ്ടെത്താനാവാതെ പോയി.

എറണാകുളം ജില്ലയില്‍ സിറ്റിയില്‍ 1406 പേരും റൂറലില്‍ 1998 പേരുമടക്കം 3404 പേരെയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടക്ക കാണാതായത്. ഇതില്‍ 2933 പേരെ കണ്ടെത്തിയപ്പോള്‍ 471 പേരെ സംബന്ധിച്ച് വിവരമൊന്നുമില്ല.

തൃശൂര്‍ ജില്ലയില്‍ സിറ്റിയില്‍ 1018 പേരും റൂറലില്‍ 2416 പേരുമടക്കം 3434 പേരെ കാണാതായതില്‍ 3260 പേരെ കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്ന 174 പേരെ കണ്ടെത്താനായില്ല.

പാലക്കാട് ജില്ലയില്‍ നിന്നും കാണാതായ 1516 പേരില്‍ 1187 പേരെ കണ്ടെത്തി. ഇവിടെ ഇനിയും 329 പേരെ കണ്ടെത്താനായിയിട്ടില്ല.

മലപ്പുറത്ത് കാണാതായ 2398 പേരില്‍ 2178 പേരെ കണ്ടെത്തിയപ്പോള്‍ 220 പേരെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ല.

കോഴിക്കോട് സിറ്റിയില്‍ 1075 പേരെ കാണാതായപ്പോള്‍ റൂറലില്‍ 1647 പേരെയാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടക്ക് കാണാതായത്. ജില്ലയില്‍ ആകെ കാണാതായ 2722 പേരില്‍ 2443 പേരെയാണ് കണ്ടെത്താനായത്. ഇനിയും 278 പേരെ കണ്ടെത്താനുണ്ട്.

വയനാട് ജില്ലയില്‍ കാണാതായ 1050 പേരില്‍ 917 പേരെ കണ്ടെത്താന്‍ കഴിഞ്ഞപ്പോള്‍ 133 പേരെ സംബന്ധിച്ച് വിവരമൊന്നുമില്ല.

കണ്ണൂരില്‍ കാണാതായ 2013 പേരില്‍ 1796 പേരെ കണ്ടെത്തിയപ്പോള്‍ ഇനിയും കിട്ടാനുള്ളത് 217 പേര്‍.

ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാസര്‍കോട് ജില്ലയില്‍ 752 പേരെയാണ് കാണാതായിട്ടുള്ളത്. ഇതില്‍ തന്നെ 728 പേരെ കണ്ടെത്താനുമായിട്ടുണ്ട്. ഇനി ശേഷിക്കുന്നത് 24 പേര്‍.

ഇക്കാലയളവില്‍ റെയില്‍വേ പോലീസില്‍ 94 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 70 പേരെ കണ്ടെത്തി. ഇനിയും 24 പേരെ കണ്ടെത്താനുമുണ്ട്.

Advertisement