പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിയുക സ്ത്രീകള്‍ക്കാണെന്ന് ശാസ്ത്രജ്ഞര്‍. സ്ത്രീകളുടെ ജീനുകളാണിതിന് കാരണമെന്നും ഗവേഷകര്‍ കണ്ടെത്തി. മൊനാഷ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

Ads By Google

ജീനുകളിലെ ഡി.എന്‍.എയിലെ മൈറ്റോകോണ്‍ട്രിയയിലുണ്ടാവുന്ന വ്യത്യാസമാണ് സ്ത്രീകളുടെയും പുരുഷന്മാരുടെയും ആയുസിനെ നിശ്ചയിക്കുന്നത്.

മിക്കവാറും എല്ലാ ജന്തുകോശങ്ങളിലും മൈറ്റോകോണ്‍ട്രിയയുണ്ട്. ഇത് ജീവികള്‍ക്ക് അത്യാവശ്യവുമാണ്. കാരണം നാം കഴിക്കുന്ന ആഹാര സാധനങ്ങളെ ഊര്‍ജമാക്കി മാറ്റി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നത് മൈറ്റോകോണ്‍ട്രിയയാണ്.

വ്യത്യസ്ത ഘട്ടങ്ങളില്‍ രൂപംകൊണ്ട മൈറ്റോകോണ്‍ട്രിയയുള്ള ആണ്‍-പെണ്‍ പഴയീച്ചകളെയാണ് ഗവേഷകര്‍ ഈ പഠനത്തിനായി തിരഞ്ഞെടുത്തത്. ഇവയില്‍ നടത്തിയ പഠനങ്ങളിലൂടെ ആയുര്‍ദൈര്‍ഘ്യവും  ജൈവപരമായ വളര്‍ച്ചയും തമ്മിലുള്ള വ്യത്യാസം ഗവേഷകര്‍ കണ്ടെത്തി.

ഈ മൈറ്റോകോണ്‍ട്രിയിലുള്ള ജനിതക പരിവര്‍ത്തനങ്ങള്‍ ആണ്‍ ഈച്ചകളുടെ ആയുര്‍ദൈര്‍ഘ്യം പ്രവചിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ പെണ്‍  ഈച്ചകളില്‍ ഈ രീതി അവലംബിക്കാന്‍ കഴിയില്ല.

ഫ്‌ളോറന്‍സിയ ക്യാമ്പസിലെയും മൊനാഷ് സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സിലെയും പി.എച്ച്.ഡി വിദ്യാര്‍ത്ഥികളും ഡോ. ഡാമിയന്‍ ഡൗലിങ്ങുമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്.

‘മൈറ്റോകോണ്‍ട്രിയയിലുണ്ടാവുന്ന പരിവര്‍ത്തനങ്ങളാണ് ആണുങ്ങളില്‍ പ്രായമാവുന്നതിന് കാരണമാകുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രായത്തില്‍ ഈ പരിവര്‍ത്തനങ്ങള്‍ യാതൊരു മാറ്റവുമുണ്ടാക്കുന്നില്ല.’ ഡൗലിങ് പറഞ്ഞു.