ജയ്പൂര്‍: രാജസ്ഥാനില്‍ ഖനികളിലും കരിങ്കല്‍ ക്വാറികളിലും ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ ശല്യംഒഴിവാക്കാന്‍ പിഞ്ചുകുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ബാലവേല സംബന്ധിച്ച് ചില സര്‍ക്കാര്‍ സംഘടനകള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം.

‘ മറ്റ് വഴിയൊന്നുമില്ലാത്തതിനാല്‍ മിക്ക സ്ത്രീകളും ജോലിസ്ഥലത്തേക്ക് കുട്ടികളെയും കൊണ്ടുവരുന്നുണ്ട്. ഈ സ്ത്രീകള്‍ ജോലിചെയ്യുമ്പോള്‍ ശല്യം ചെയ്യുന്നത് ഒഴിവാക്കാന്‍ കൂടെവരുന്ന കുട്ടികള്‍ക്ക് കറുപ്പ് നല്‍കുന്നത് ഇവിടെ സാധാരണമാണ്. ഇങ്ങനെ ബാല്യകാലത്ത് തന്നെ മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിതം തള്ളി നീക്കേണ്ട സാഹചര്യമാണ് ഇവര്‍ക്കുള്ളത്.’ സന്നദ്ധ സംഘടനയായ വാഗ്ധാര (കൃഷി പൊതുവികസന, ആരോഗ്യ പുനരുദ്ധാരണ സഖ്യം) പ്ലാന്‍ എന്നിവ സംയുക്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Subscribe Us:

ഇതിന് പുറമേ ഖനി ക്രഷര്‍ മേഖലയില്‍ 10-12 വയസ്സ്  പ്രായമുള്ള കുട്ടികള്‍ ജോലിചെയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോഡുകള്‍ വഹിക്കാന്‍ പോലും ഈ കുട്ടികള്‍ക്ക് ശേഷിയായിട്ടില്ല. തുടക്കത്തില്‍ സഹായികളായി ജോലിക്കെത്തുന്ന ഇവര്‍ പിന്നീട് കുഴിയെടുക്കുക, ഇരുമ്പ് സാമഗ്രികള്‍ ചുമക്കുക, വലിയ സ്ലാബുകള്‍ പൊട്ടിക്കുക, പാറകള്‍ നീക്കുക തുടങ്ങിയ ജോലികള്‍ ചെയ്യും. പരിശീലനം ആവശ്യമുള്ള ജോലികള്‍ക്ക് പോലും ഇവര്‍ക്ക് കൃത്യമായ ട്രെയിനിംഗ് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എല്ലാ വ്യവസായമേഖലകളിലും കുട്ടികളുടെ ജോലിനിലവാരം സംതൃപ്തമല്ല. കാര്‍പറ്റ് നിര്‍മാണ മേഖലയില്‍ ജോലിചെയ്യുന്ന കുട്ടികളുടെ ക്ഷേമം സംബന്ധിച്ച് സര്‍ക്കാരിന് കാര്യമായ ആശങ്കയില്ല. എന്നാല്‍ കുട്ടികള്‍ക്ക് ശരിയായ തൊഴില്‍ പരിശീലനമൊന്നും ലഭിക്കുന്നില്ല. ഇത്തരം വ്യവസായ ശാലകളില്‍ എത്രകുട്ടികള്‍ ജോലിചെയ്യുന്നുണ്ടെന്നത് സംബന്ധിച്ച്  യാതൊരു കണക്കും സര്‍ക്കാരിന്റെ പക്കലില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് പുറമേ കുടിക്കാന്‍ ശുദ്ധമായജലവും, ടോയ്‌ലറ്റ് സൗകര്യങ്ങളും മറ്റും ഇവിടുത്തെ കുട്ടികള്‍ക്ക് നിഷേധിച്ചിരിക്കുകയാണ്. ചിലമേഖലകളില്‍ വെന്റിലേറ്ററുകള്‍ പോലുമില്ലാത്ത മുറികളില്‍ 20-25 കുട്ടികളെ ഒരുമിച്ച് നിര്‍ത്തിയാണ് ജോലി ചെയ്യിക്കുന്നത്. സൂര്യപ്രകാശം പോലും ആവശ്യത്തിന് ലഭിക്കാത്ത ഇടങ്ങളില്‍ ജോലിചെയ്യുന്ന കുട്ടികളും ഇവിടെയുണ്ട്.

ഇവിടുത്തെ കുട്ടികളുടെ ആരോഗ്യസ്ഥിതി ഏറെ മോശമാണ്. ജോലിഭാരവും ജോലിസ്ഥലത്തിന്റെ മോശം സ്ഥിതിയും കാരണം കുട്ടികളില്‍ രോഗങ്ങള്‍ സര്‍വ്വസാധാരണമായിട്ടുണ്ട്. ക്ഷയം, ശ്വാസകോശരോഗങ്ങള്‍, മഞ്ഞപ്പിത്തം, മാനസിക പ്രശ്‌നങ്ങള്‍, മയക്കുമരുന്ന് അടിമത്വം, ത്വക്ക് രോഗങ്ങള്‍ എന്നിവ ഇവിടുത്തെ കുട്ടികളില്‍ ധാരാണം കണ്ടുവരുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഖനികളില്‍ ജോലിക്കെത്തുന്നുണ്ടെങ്കില്‍ ആണ്‍കുട്ടികളാണ് കൂടുതലായുള്ളത്. പെണ്‍കുട്ടികള്‍ വീടുകളില്‍ പാചകം, വെള്ളംശേഖരിക്കല്‍, വിറക് ശേഖരിക്കല്‍ തുടങ്ങിയ ജോലികളില്‍ മുഴുകുന്നു.

Malayalam News

Kerala News In English