റിയാദ്: സൗദി അറേബ്യയില്‍ മുനിസിപ്പില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ട് ചെയ്യാനും സ്ത്രീകള്‍ക്കും അവകാശം നല്‍കുമെന്ന് സൗദി രാജാവ് അബ്ദുള്ള പ്രഖ്യാപിച്ചു. 2015 ലെ മുനിസിപ്പില്‍ തിരഞ്ഞെടുപ്പ് മുതലായിരിക്കും പരിഷ്‌കാരം നിലവില്‍ വരുക. രാജ്യത്തെ ഉന്നതാധികാര ഉപദേശക സമിതിയായയ ശൂര കൗണ്‍സിലിലും സ്ത്രീകള്‍ക്ക് പ്രാധിനിധ്യം  നല്‍കുമെന്ന് രാജാവ് അറിയിച്ചു.

സൗദിയില്‍ അടുത്ത മാസം രണ്ടാമത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജാവിന്റെ പ്രഖ്യാപനം. എന്നാലി തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കില്ല. 2005ല്‍ നടന്ന രാജ്യത്തെ ആദ്യ മുനിസിപ്പല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും സ്ത്രീകള്‍ക്ക് വോട്ടു ചെയ്യാനോ മത്സരിക്കാനോ അവകാശമുണ്ടായിരുന്നില്ല.

തുടര്‍ന്ന് വോട്ടവകാശം സ്ഥാപിച്ചെടുക്കാനായി സ്ത്രീകള്‍ വ്യാപകമായി രംഗത്ത് വരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജാവിന്റെ പ്രഖ്യാപനം എന്നാണ് കരുതുന്നത്.
അടുത്തമാസം ഏപ്രില്‍ 23ന 178 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുമെന്ന് രാജഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

178 കൗണ്‍സിലുകളിലേക്കായി ഏകദേശം 5000ത്തോളം പേരാണ് മത്സരിക്കുന്നത്.രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ലാത്ത രാജ്യത്ത് സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതിനും പുരുഷന്‍മാര്‍ കൂടെയില്ലാതെ പുറത്തിറങ്ങി നടക്കുന്നതിനും വിലക്ക് നിലനില്‍ക്കുന്നുണ്ട്.