എഡിറ്റര്‍
എഡിറ്റര്‍
സിനിമ ലൈംഗികപീഡന വിമുക്ത മേഖലയാണെന്ന ഇന്നസെന്റിന്റെ പരാമര്‍ശം തെറ്റ്: വിമന്‍ ഇന്‍ സിനിമാ കലക്ടീവ്
എഡിറ്റര്‍
Wednesday 5th July 2017 1:47pm

കോഴിക്കോട്: സിനിമ ലൈംഗിക പീഡന വിമുക്ത മേഖലയാണെന്ന ഇന്നസെന്റിന്റെ പരാമര്‍ശത്തിനെതിരെ വിമന്‍ ഇന്‍ സിനിമാ കലക്ടീവ്. നിലവിലെ സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയുമെന്ന് വിമന്‍ ഇന്‍ സിനിമാ കലക്ടീവ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്കു വരുന്ന പുതുമുഖങ്ങളില്‍ പലരും ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടിവരുന്നുണ്ടെന്നും വിമന്‍ ഇന്‍ സിനിമാ കലക്ടീവ് വ്യക്തമാക്കി.

‘ചലച്ചിത്ര മേഖല ലൈംഗിക പീഡന വിമുക്ത മേഖലയാണ് എന്ന മട്ടില്‍ അദ്ദേഹം നടത്തിയ പ്രസ്താവനയോട് ഞങ്ങള്‍ തീര്‍ത്തും വിയോജിക്കുന്നു.നിലവിലുള്ള സാമൂഹ്യ ബന്ധങ്ങള്‍ അതേപടി പ്രതിഫലിക്കപ്പെടുകയോ പുനരുല്പാദിപ്പിക്കപ്പെടുകയോ ചെയ്യുന്ന മേഖലയാണ് സിനിമയും എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്..സമൂഹത്തിലുള്ള മേല്‍ കീഴ് അധികാരബന്ധങ്ങള്‍ അതേപടി അവിടെയും ആവര്‍ത്തിക്കപ്പെടുന്നുണ്ട്. അവസരങ്ങള്‍ ചോദിച്ചു ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതുമുഖങ്ങളില്‍ പലരും പലതരം ചൂഷണങ്ങള്‍ക്ക് വിധേയമാകേണ്ടി വരുന്നതും മേല്‍ സൂചിപ്പിച്ച അധികാര ഘടന വളരെ ശക്തമായി ഇവിടെ നിലനില്ക്കുന്നതുകൊണ്ടാണ്.’ സംഘടന പറയുന്നു.


Also Read:’നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കുവെക്കേണ്ടിവരും’ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ആരോപണത്തോട് ഇന്നസെന്റ്


പാര്‍വ്വതി, ലക്ഷ്മി റായി തുടങ്ങിയ നടിമാര്‍ കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞതും സംഘടന ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്.

‘ഞങ്ങളുടെ സഹപ്രവര്‍ത്തകരായ ചിലര്‍ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഉറക്കെ സംസാരിച്ചതും ഈ അടുത്ത കാലത്താണ്. പാര്‍വ്വതി, ലക്ഷ്മി റായ് തുടങ്ങിയ നടിമാര്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ അനുഭവങ്ങള്‍ മാധ്യമ’ങ്ങളുമായി പങ്കുവച്ചിരുന്നു.’ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവര്‍ പറയുന്നു.

വസ്തുതകളെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് നടത്തുന്ന ഇത്തരം പ്രസ്താവനകളെ കുറിച്ച് ചലച്ചിത്ര മേഖലയിലുള്ളവര്‍ ജാഗരൂകരാകണമെന്നാവശ്യപ്പെട്ടാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement