എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു: വനിതാ ഹോം ഗാര്‍ഡിനെ ബസിനുള്ളില്‍ പീഡിപ്പിച്ചു
എഡിറ്റര്‍
Thursday 10th January 2013 9:35am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ കൂട്ടബലാത്സംഗത്തിനിരയായി യുവതി മരിച്ചതിന്റെ ഞെട്ടല്‍ മാറും മുന്‍പേ ദല്‍ഹിയിലെ ബസില്‍ വീണ്ടും പീഡന ശ്രമം.

Ads By Google

ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ(ഡിടിസി) ബസിനുള്ളില്‍ 25കാരിയായ വനിതാ ഹോം ഗാര്‍ഡിനെ പീഡിപ്പിച്ച സംഭവമാണ് ഏറ്റവുമൊടുവിലത്തേത്.

ഈസ്റ്റ് ദല്‍ഹിയിലെ മധു വിഹാര്‍ മേഖലയിലാണ് സംഭവം. മെഹ്‌റോലിയിലെ പോലീസ് സ്റ്റേഷനിലേയ്ക്ക് യൂണിഫോമില്‍ പോകുകയായിരുന്ന വനിതാ ഹോം ഗാര്‍ഡിന് നേരെയാണ് യുവാവിന്റെ അതിക്രമം ഉണ്ടായത്.

അപമാനശ്രമത്തെത്തുടര്‍ന്ന് യുവതി ഇയാള്‍ക്ക് താക്കീത് നല്‍കിയെങ്കിലും എതിര്‍ത്താല്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുമെന്നായിരുന്നു മറുപടി.

തുടര്‍ന്ന് യുവതി ഇയാള്‍ക്ക് നേരെ തിരിയുകയും സംഭവമറിഞ്ഞ സഹയാത്രികര്‍ യുവാവിനെ കാര്യമായി കൈകാര്യം ചെയ്യുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പോലീസ് അറസ്റ്റു രേഖപ്പെടുത്തി.

ദല്‍ഹിയില്‍ സ്ത്രീകളുടെ സുരക്ഷ ശക്തമാക്കിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്നാണ് സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

ദല്‍ഹിയില്‍ കൂട്ടബലാത്സംഗം നടന്ന് 17 ദിവസത്തിനുള്ളില്‍ 64 ലൈംഗിക അതിക്രമ പരാതികളാണ് ദല്‍ഹി പോലീസിന് ലഭിച്ചത്. ഇവയില്‍ അധികവും ബലാത്സംഗമാണ്.

ലൈംഗിക കുറ്റവാളികള്‍ക്ക് വധശിക്ഷ അടക്കമുള്ള ശക്തമായ ശിക്ഷ നല്‍കണമെന്ന് രാജ്യമൊന്നടങ്കം ആവശ്യപ്പെടുന്നതിനിടയിലും തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായുള്ള കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവും വരുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മാനഭംഗം അശ്ലീല കമന്റടി എന്നിവ പരാതിപ്പെട്ട് 501 കോളുകളാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. അതായത് ദിവസം നാല് വീതം ലൈംഗിക അതിക്രമങ്ങളും 30 വീതം മാനഭംഗങ്ങളും ശല്യപ്പെടുത്തലുകളും ഉണ്ടാകുന്നെന്ന് ചുരുക്കം.

കഴിഞ്ഞ വര്‍ഷമുണ്ടായ ബലാത്സംഗങ്ങളേക്കാള്‍ കൂടുതലാണ് ഈ പതിനേഴ് ദിവസങ്ങളിലുണ്ടായ ബലാത്സംഗങ്ങളുടെ ശരാശരിയെന്നതും മറ്റൊരു വസ്തുതയാണ്.

Advertisement