Categories

‘റിപ്പോര്‍ട്ടര്‍ ചാനലില്‍ സ്ത്രീ വിവേചനവും വേതന അസമത്വവും’ ചൂഷണം തുറന്നുകാട്ടേണ്ടവര്‍തന്നെ ചൂഷകരായാലോ…!

reporter--tv

അഭിപ്രായം/ ഇര്‍ഷാദ് തലകാപ്പ്

സമൂഹത്തില്‍ നടക്കുന്നതെന്തോ അത് അതേപടി തുറന്നുകാട്ടുകയാണ് മാധ്യമങ്ങളുടെ ധര്‍മം. തെറ്റുകളും അഴിമതിയും ചൂഷണങ്ങളും മറ്റും നിഷ്പക്ഷമായി, വിവേചനമില്ലാതെ അവതരിപ്പിക്കുമ്പോഴാണ് ഒരു മാധ്യമം മാധ്യമമായിത്തീരുന്നത്.

അല്ലെങ്കില്‍ അതിനെ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടികളുടെയോ കമ്പനികളുടേയോ മറ്റോ പ്രമോഷന്‍ ഉപകരണമെന്ന് വിളിക്കേണ്ടി വരും. ലോകത്ത് ചരമമടഞ്ഞതും ഇന്ന് നിലനില്‍ക്കുന്നതുമായ പല മാധ്യമങ്ങളും കോര്‍പറേറ്റ്, രാഷ്ട്രീയ, മുതലാളിത്ത ശക്തികളുടെ ചട്ടുകങ്ങളായാണ് നിലനില്‍ക്കുന്നത്. ഇന്ത്യയിലേയും കേരളത്തിലേയും പല മാധ്യമങ്ങളേയും അക്കമിട്ട് ഈ ഗണത്തില്‍പെടുത്താന്‍ നിഷ്പ്രയാസം കഴിയുമെന്നതില്‍ ആര്‍ക്കും സംശയമില്ല.

എന്നാല്‍ മാധ്യമങ്ങളുടെ മൂല്യച്ഛ്യുതിയില്‍ മനംമടുത്ത് ‘വിപ്ലവം ഏകവചനമല്ല’ എന്ന മുദ്രാവാക്യം മുന്നോട്ടു വെച്ച് പുതുതായി പിറവിയെടുത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ നിഷ്പക്ഷവാദികള്‍ക്ക് കുറച്ചൊന്നുമല്ല ആശ്വാസം നല്‍കിയത്. പക്ഷെ അടുത്തിടെ മേല്‍പറഞ്ഞ ചാനലില്‍ നിന്നും പുറത്തുവരുന്ന നാറ്റം കുറച്ചൊന്നുമല്ല മനസിനെ മുറിവേല്‍പിക്കുന്നത്.

പെണ്‍വിവേചനം റിപ്പോര്‍ട്ടറില്‍ നിലനില്‍ക്കുന്നുണ്ടെന്ന് നേരത്തെ തന്നെ മുറുമുറുപ്പുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ചാനലില്‍ വന്ന ശമ്പള പരിഷ്‌കരണത്തില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിയി്‌ല്ലെന്ന വാര്‍ത്ത വേദനാജനകമായ കാര്യമാണ്.

ചാനലിനകത്ത് പ്രവര്‍ത്തിക്കുന്ന സിന്‍ഡിക്കേറ്റ് ആണ് അര്‍ഹരായവരെ തടയാന്‍ കാരണമെന്നാണ് വിവേചനത്തിനിരയായവര്‍ പറയുന്നത്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ തഴയുകയും വിവേചനം കാണിക്കുകയും ചെയ്ത ഒട്ടേറെ സംഭവങ്ങള്‍ ഇവര്‍ വിശദീകരിക്കുകയുണ്ടായി.

നന്നായി ജോലിചെയ്യുന്നവരേക്കാള്‍ മോശമായവരും ശമ്പളം ഉയര്‍ത്തിയവരില്‍പെടും എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ ശമ്പളം വര്‍ധിച്ചവര്‍ക്കാകട്ടെ, പലര്‍ക്കും പല രീതിയിലാണ് വര്‍ധിപ്പിച്ചിട്ടുള്ളത്.

ജോലിചെയ്യുന്നതില്‍ സ്ത്രീകള്‍ മോശമാണെന്ന് ആരോപിച്ചാണ് സ്ത്രീകളോട് വിവേചനം കാണിക്കുന്നത്. വര്‍ഷങ്ങളായി നീളുന്ന ഇത്തരം മാനസിക പീഡനങ്ങളില്‍ മനം മടുത്താണ് ഇവര്‍ ജോലി രാജിവെച്ചത്.

തിരുവനന്തപുരം ബ്യൂറോയില്‍ നിന്ന് രണ്ട് പേരും കൊച്ചി ഡസ്‌കില്‍ നിന്ന് 2 പേരും ഇതുവരെയായി രാജിവെച്ചു. എന്നാല്‍ മാനസിക പീഡനം മൂലം നാലു ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പുരുഷ പത്രപ്രവര്‍ത്തകനും രാജിവെച്ചിരുന്നു. തുടര്‍നാളുകളില്‍ ഇനിയും രാജി ഉണ്ടാവുമെന്നാണ് സൂചന.

സ്ത്രീവിരുദ്ധ നിലപാടിനെതിരെ പലരും മാനേജ്‌മെന്റിനെ സമീപിച്ചിരുന്നെങ്കിലും കൃത്യമായ പരിഹാരം കണ്ടില്ലെന്ന് ഇവര്‍ സമ്മതിക്കുന്നു.

സ്ത്രീകള്‍ക്ക് പ്രധാന ജോലികളൊന്നും നല്‍കാതിരിക്കുകയും ചെറിയ അവസരങ്ങള്‍ മാത്രം നല്‍കുന്നതും പതിവായിരുന്നു. ഈ കാരണത്താല്‍ ഒരു വര്‍ഷം മുന്‍പ് തിരുവനന്തപുരം ബ്യൂറോയില്‍ നിന്നും ഒരു വനിതാ റിപ്പോര്‍ട്ടര്‍ രാജി വച്ചിരുന്നു. വര്‍ഷങ്ങളോളം ചാനലിനോടൊപ്പം ഉണ്ടായിരുന്നവരും രാജിവെച്ചവരില്‍ പെടും.

ഡസ്‌കില്‍ നിന്നുള്ള മാനസിക പീഡനങ്ങളാണ് മറ്റൊരു പ്രധാന പ്രശ്‌നം. തൊഴിലാളികളോട് കയര്‍ത്തു സംസാരിക്കുകയും മാനസിക പീഡനങ്ങള്‍ ഏല്‍പിക്കുകയും ചെയ്യുന്നു. മാതാപിതാക്കളെ വരെ അധിക്ഷേപിക്കുന്ന വിധത്തിലുള്ള സമീപനം പോലും ചാനലില്‍ നിന്ന് പലപ്പോഴും ഉണ്ടാവാറുണ്ടെന്ന് ഇരകള്‍ സാക്ഷ്യപ്പെടുത്തുന്നു.

കുറച്ചുമാസങ്ങള്‍ക്കുമുമ്പ് ചാനലിലെ ഉയര്‍ന്ന പത്രപ്രവര്‍ത്തകന്‍ പിതാവിനെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെതിരെ മാധ്യമപ്രവര്‍ത്തക കേസുകൊടുക്കുമെന്നായപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരുകയാണ് ചാനല്‍ ചെയ്തത്.

ചാനല്‍ മുതലാളിയുടെ ആധിപത്യം റിപ്പോര്‍ട്ടറില്‍ മറ്റു ജോലിക്കാരോട് പ്രകടമാണെന്ന് ചാനലില്‍ നിന്നു രാജിവെച്ച പത്രപ്രവര്‍ത്തകന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. ചാനലിനുള്ളിലെ ഈ വിഷയങ്ങള്‍ കാരണം പുതുതായി വന്ന പല പത്രപ്രവര്‍ത്തകരും ഉടന്‍തന്നെ ജോലി രാജിവെച്ച് പോവുന്നതായാണ് അറിയാന്‍ കഴിഞ്ഞത്.

ശമ്പള വര്‍ദ്ധനവ് ഇല്ലാത്തതിന്റെ പേരില്‍ നാല് വനിതാ മാധ്യമപ്രവര്‍ത്തകര്‍ ജോലിയില്‍ നിന്നും വിട്ടു നിന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജുമെന്റ് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ശമ്പളം വര്‍ദ്ധിപ്പിച്ച് നല്‍കുകയായിരുന്നു.

നിഷ്പക്ഷമായിരിക്കേണ്ട മാധ്യമസ്ഥാപനങ്ങള്‍ തന്നെ ഇത്തരത്തില്‍ ജോലിക്കാരെ ചൂഷണം ചെയ്യുകയാണെങ്കില്‍ ഇരകള്‍ക്കെവിടെ നിന്ന് നീതി കിട്ടാനാണ്. ജനാധിപത്യ വാദം ഉയര്‍ത്തി നിലവില്‍ വന്ന റിപ്പോര്‍ട്ടര്‍ ചാനലില്‍, മുതലാളിതന്നെ സേച്ഛ്വാധിപതിയാവുന്ന അവസ്ഥയാണ് നിലവിലുള്ളത്.

സമൂഹത്തെ നയിക്കുന്നതില്‍ വലിയ അളവില്‍ പങ്കുവഹിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാനസിക പിരിമുറുക്കമില്ലാതെ ജോലി ചെയ്യാന്‍ മാധ്യമമുതലാളിമാര്‍ അനുവാദം കൊടുക്കുന്നില്ലെങ്കില്‍ അത് സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതം വളരെ ഗുരുതരമാണ്.