കോട്ടയം: വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയ മനുഷ്യാവകാശ ലംഘനം നേരിടുന്നതായി സംസ്ഥാന വനിതാ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. ഹാദിയയുടെ അവസ്ഥ കമ്മീഷനു ബോധ്യപ്പെട്ടതാണെന്നും സുപ്രീംകോടതിയില്‍ എത്തിയ കേസില്‍ കൂടുതലൊന്നും പറയാനില്ലെന്നും കൊച്ചിയില്‍ നടന്ന മെഗാ അദാലത്തില്‍ അവര്‍ പറഞ്ഞു.

‘ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടിവന്ന ഹാദിയയുടെ അവസ്ഥ കമ്മീഷന് ബോധ്യപ്പെട്ടതാണ്. ഈ അവസ്ഥ സൃഷ്ടിച്ചത് കോടതിയാണ്. സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്ന കേസില്‍ കൂടുതലൊന്നും പറയാനില്ല’ ജോസഫൈന്‍ പറഞ്ഞു.


Also Read: ഹാദിയയുടെ വീട്ടിലെ യുവതികളുടെ പ്രതിഷേധം; പെലീസ് അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടു


പെണ്‍കുട്ടികള്‍ വീട്ടു തടങ്കലില്‍ കഴിയുന്ന കേസുകളില്‍ പരാതി ലഭിച്ചാല്‍ ഇടപെടുമെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം ഒളിച്ചോടുന്ന പ്രവണത വര്‍ധിക്കുകയാണെന്നും ഇതിനെതിരെ ബോധവത്കരണം നടത്തുമെന്നും അവര്‍ പറഞ്ഞു.

കുമരകത്തെ റിസോര്‍ട്ടില്‍ പെണ്‍കുട്ടി തടങ്കലില്‍ കഴിയുന്നെന്ന ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും വിഷയത്തില്‍ പരാതി ലഭിച്ചാല്‍ ഇടപെടുമെന്നും അവര്‍ വ്യക്തമാക്കി. ഇന്നലെ ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ യുവതികളുടെ സംഘത്തിനെതിരെ ഹാദിയയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്നെന്നും സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി.


Dont Miss: മെഡിക്കല്‍ കോളേജ് അഴിമതി; ലോകയുക്തയ്ക്ക് മുമ്പില്‍ മലക്കം മറിഞ്ഞ് കുമ്മനം; നല്‍കിയത് വിജിലന്‍സിനു നല്‍കിയതില്‍ നിന്ന് വ്യത്യസ്ത മൊഴി


ഇതേത്തുടര്‍ന്ന് യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ഹാദിയയുടെ വീടിനു മുന്നില്‍ പ്രതിഷേധത്തിനെത്തിയ പെണ്‍കുട്ടിക്കെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമമുണ്ടായിരുന്നു. ഷബ്ന സുമയ്യ എന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം.