ആദ്യം ബോളിവുഡിലാണ് അവര്‍ സാന്നിധ്യമറിയിച്ചത്. ഇപ്പോഴിതാ മലയാളത്തിലും. സിനിമാ ലോകത്തിന്റെ അതിര്‍ത്തികള്‍ പുരുഷന്‍മാരുടെ നിയന്ത്രണത്തിലായിരുന്നു. അതില്‍ സ്ത്രീകള്‍ പിന്നണി ഗാനരംഗത്തോ, അല്ലെങ്കില്‍ സിനിമയിലെ ചില രംഗങ്ങളിലോ ഒതുക്കപ്പെട്ടു. എന്നാല്‍ അത് പഴയ കഥ പുതിയ കാലക്ക് സ്ത്രീകേന്ദ്രീകൃത ചലച്ചിത്രങ്ങള്‍ ഒരുപാട് വന്നുതുടങ്ങി.

സിനിമാ സംവിധാനം പോലുള്ള ‘അപകടം പിടിച്ച’ ജോലികള്‍ വരെ ഇപ്പോള്‍ അവര്‍ ഏറ്റെടുത്തു തുടങ്ങി. കുവൈറ്റില്‍ ഭര്‍ത്താവിനൊപ്പം ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 38 കാരിയായ ഷൈനി ജെ.കോശി സിനിമാ സംവിധാന രംഗത്തേക്കുവന്നത്. ഇപ്പോള്‍ ജയരാജിന്റെ ദ ട്രെയിന്‍ എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യുകയാണ് ഇവര്‍. 12 വര്‍ഷം മുമ്പ് ജയരാജിന്റെ അസിസ്റ്റന്റായി ഒന്നോ രണ്ടോ സിനിമകളില്‍ ഷൈനി ജോലി ചെയ്തിരുന്നു. പിന്നീട് ഒരു ചെറിയ ഇടവേളയ്ക്കുശേഷം അദ്ദേഹത്തോടൊപ്പം വീണ്ടും പ്രവര്‍ത്തിക്കുകയാണ് ഇവര്‍.

സ്വന്തമായി ഒരു സിനിമ ചെയ്യുക എന്നതാണ് ഷൈനിയുടെ വലിയ സ്വപ്നം. അത് അടുത്തുതന്നെയുണ്ടാകുമെന്നും അവര്‍ പറയുന്നു. ഇതിനുപുറമേ 33കാരിയായ സംഗീത പത്മനാഭന്‍ എന്ന മാധ്യമപ്രവര്‍ത്തക. ഇപ്പോള്‍ ഒരു മുന്‍നിര ചാനലില്‍ ജോലിചെയ്യുന്ന ഇവരുടെ സ്വപ്‌നവും സിനിമകളുടെ ലോകത്ത് നിലയുറപ്പിക്കുകയെന്നതാണ്. ഇതാണെന്റെ തൊഴില്‍മേഖല എന്ന തിരിച്ചറിവ് എനിക്കുണ്ട്. ഇപ്പോള്‍ എന്റെ ചിത്രത്തിനായി നല്ല ഒരാശയത്തിനായുള്ള കാത്തിരിപ്പിലാണ് ഞാന്‍- സംഗീത പറയുന്നു.

സംഗീതയ്ക്കും, ഷൈനിക്കും പുറമേ ഷൈനി ജെ. ബെഞ്ചമിന്‍ എന്ന 39 കാരിയും തന്റെ സ്വപ്‌നങ്ങളില്‍ സിനിമയെ താലോലിക്കുന്നവളാണ്. 13ഓളം ഡോക്യുമെന്ററികള്‍ ചെയ്ത ബെഞ്ചമിന്‍ ഇപ്പോള്‍ പ്രയദര്‍ശന്റെ അസിസ്റ്റന്റാവാനുള്ള തയ്യാറെടുപ്പിലാണ്. ഈ വര്‍ഷം തന്നെ സ്വന്തമായി ഒരു സിനിമ ചെയ്യുക എന്ന പ്ലാനും ഇവരുടെ മനസിലുണ്ട്.

പുരുഷ സംവിധായകര്‍ സ്വന്തം പ്രമോഷന് വേണ്ടി സനിമചെയ്യുമ്പോള്‍ സ്ത്രീകള്‍ സിനിമയ്ക്കുവേണ്ടി സിനിമചെയ്യുമെന്ന് പ്രമുഖ നിര്‍മാതാവ് സുരേഷ് കുമാര്‍ പറയുന്നു. സുരേഷ് കുമാറിന്റെ വാക്കുകള്‍ സിനിമാ സംവിധാന രംഗത്തേക്ക് കൂടുതല്‍ സ്ത്രീകള്‍ക്ക് വരാനുള്ള പ്രചോദനമാകുമെന്ന് സംശയമില്ല.

പഴയകാല നടികളില്‍ ചിലര്‍ പിന്നീട് സംവിധാന രംഗത്തേക്കെത്തിയിട്ടുണ്ട്. രേവതി, അംബിക തുടങ്ങിയവര്‍. എന്നാല്‍ മറ്റ് മേഖലകളില്‍ നിന്നും സിനിമാ സംവിധാന രംഗത്തേക്കെത്തുന്ന സ്ത്രീകളുടെ എണ്ണം പൊതുവെ കുറവാണ്. ആ കുറവാണ് ഈ വനിതകള്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നത്.