പാറ്റ്‌ന: വനിത സംവരണ ബില്ലിനെ പിന്തുണക്കുന്നതിനെച്ചൊല്ലി ജനതാദള്‍ യുവില്‍ അഭിപ്രായ ഭിന്നത. പാര്‍ട്ടി പ്രസിഡന്റ് ശരദ് യാദവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്്കുമാറും തമ്മിലാണ് തര്‍ക്കം രൂക്ഷമായത്. 1997ല്‍ വനിതാബില്‍ പാര്‍ലിമെന്റില്‍ ചര്‍ച്ചക്കു വന്നതു മുതല്‍ അതിനെ ശരത് യാദവ് എതിര്‍ത്തു വരികയായിരുന്നു.

അതേസമയം ബില്ലിനെ അനുകൂലിക്കണമെന്ന നിലപാടിലാണ് നിതീഷ്‌കുമാര്‍. ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് ശരദ് യാദവിനോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന് നിതീഷ്‌കുമാര്‍ പറഞ്ഞു. രാജ്യാന്തര വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ജനതാദള്‍(യു)വിന് രാജ്യസഭയില്‍ ഏഴും ലോക്‌സഭയില്‍ 20 എം പിമാരാണുള്ളത്.

ബില്ലിനെ പിന്തുണക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും രാജ്യസഭാംഗങ്ങള്‍ക്കു വിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ എസ് പി , ആര്‍ ജെ ഡി കക്ഷികള്‍ ബില്ലിനെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.