എഡിറ്റര്‍
എഡിറ്റര്‍
വനിതാ ബാങ്കിന്റെ ഉദ്ഘാടനം ഇന്ദിരയുടെ ജന്മദിനത്തില്‍
എഡിറ്റര്‍
Saturday 2nd November 2013 12:53am

chidambaram

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലയിലെ ആദ്യ സമ്പൂര്‍ണ വനിതാ ബാങ്കിന് (ഭാരതീയ മഹിളാ ബാങ്ക് )നവംബര്‍ 19ന് തുടക്കമയായേക്കും. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ പത്തൊമ്പതിന് ബാങ്കിന്റെ പ്രവര്‍ത്തനമാരംഭിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതി.

ന്യൂദല്‍ഹിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നടക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ഇലക്ഷന്‍ കമ്മീഷന്റെ തീരുമാനം കൂടി അറിയാന്‍ കാത്തിരിക്കുകയാണ് കേന്ദ്രം എന്ന് ധനമന്ത്രി പി.ചിദംബരം പറഞ്ഞു.

ബാങ്കിന്റെ ഉദ്ഘാടനം നടത്താനായി തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുവാദം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. അനുവദിച്ച് കിട്ടുകയാണെങ്കില്‍ നവംബര്‍ 19ന് തന്നെ ഉദ്ഘാനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ബാങ്ക് പ്രവര്‍ത്തന സ്ജജമാക്കാനുള്ള എല്ലാ ജോലികളും കഴിഞ്ഞു.

എന്നാല്‍ നവംബര്‍ 19ന് ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ കഴിയുമോ, ദില്ലിയില്‍ ഉദ്ഘാടന ചടങ്ങ് നടത്താന്‍ കഴിയുമോ, അതോ ദില്ലിക്ക് പുറത്തേക്ക് മാറ്റണോ എന്നീ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷനോട് ബന്ധപ്പെട്ട് വരികയാണ്. ചിദംബരം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകളാല്‍ നടത്തപ്പെടുന്ന ബാങ്ക് എന്ന ആശയം ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി പി.ചിദംബരം തന്നെയാണ് മുന്നോട്ടുവച്ചത്.

വനിതാ ബാങ്കിന്റെ പ്രാരംഭ മൂലധനത്തിനായി 1000 കോടി രൂപ കേന്ദ്രബജറ്റില്‍ നീക്കിവെക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ മേഖലകളിലായി ആറു ബ്രാഞ്ചുകളുമായി തുടക്കമിടാനാണ് പദ്ധതി.

2014 മാര്‍ച്ച് 31 ആവുമ്പോഴേക്കും 25 ശാഖകള്‍ കൂടി തുറക്കാനാണ് അധികൃതരുടെ നീക്കം. ബാങ്കിലെ 115 പോസ്റ്റുകളിലെ നിയമനത്തിനായി വനിതകളില്‍ നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമായും വനിതകളുടെയും വനിതാ സംരംഭങ്ങളുടെയും വായ്പാ ആവശ്യങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായിരിക്കും ബാങ്ക് മുന്‍ഗണന നല്‍കുക. നിക്ഷേപം പുരുഷന്മാരില്‍നിന്ന് സ്വീകരിക്കുമെങ്കിലും നടത്തിപ്പ് പൂര്‍ണമായും സ്ത്രീകളുടെ ചുമതലയിലായിരിക്കും.

ഗ്രാമീണമേഖലയില്‍ പിടിമുറുക്കുന്ന അനധികൃത സ്വകാര്യ പണമിടപാടുകാരുടെ വലയില്‍നിന്ന് സ്ത്രീകളെ രക്ഷിക്കുന്നതിനും സമ്പാദ്യശീലം വളര്‍ത്തുന്നതിനും വനിതാ ബാങ്ക് സഹായിക്കുമെന്നാണ് സര്‍ക്കാറിന്റെ പ്രതീക്ഷ.

Advertisement