Categories

ട്രെയിനില്‍ മോഷ്ടാക്കള്‍ തള്ളിയിട്ടു; കായിക താരത്തിന് കാല്‍ നഷ്ടപ്പെട്ടു

women-athlet attackedന്യൂദല്‍ഹി: ട്രെയിനില്‍ മോഷണ ശ്രമം തടയുന്നതിനിടെ തൊട്ടടുത്ത ട്രാക്കില്‍ വീണ ദേശീയ കായിക താരത്തിന്റെ ദേഹത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ താരത്തിന് കാല്‍ നഷ്ടപ്പെട്ടു. ദേശീയ അത്‌ലറ്റിക്‌സ്, വോളിബാള്‍, ഫുട്ബാള്‍, ഖൊഖൊ മത്സരങ്ങളില്‍ മികവ് തെളിയിച്ച സോനു സിന്‍ഹ (23)യാണ് തിങ്കളാഴ്ച രാത്രി ആക്രമണത്തിനിരയായത്.
കേന്ദ്ര വ്യവസായ സുരക്ഷാസേനയില്‍ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള അഭിമുഖത്തില്‍ പങ്കെടുക്കാനാണ് ഉത്തര്‍പ്രദേശ് വോളിബാള്‍ ടീമില്‍ അംഗമായ സോനു തിങ്കളാഴ്ച ദല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. ഫാറൂഖാബാദ് ന്യൂദല്‍ഹി സൂപ്പര്‍ഫാസ്റ്റ് ട്രെയനിന്റെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവമുണ്ടായത്.

തിരക്കേറിയ കമ്പാര്‍ട്ട്‌മെന്റില്‍ ആറംഗസംഘം കുഴപ്പങ്ങളുണ്ടാക്കുകയും യാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇതിനിടെയാണ് സോനുവിന്റെ സ്വര്‍ണമാല പൊട്ടിക്കാന്‍ ശ്രമമുണ്ടായത്. ഇതിനെ പ്രതിരോധിച്ചതിന്റെ പ്രതികാരമായാണ് ആറംഗസംഘം സോനുവിനെ ട്രെയിനില്‍നിന്ന് പുറത്തെറിഞ്ഞത്. സമാന്തരട്രാക്കില്‍ വീണ സോനു ബോധരഹിതയായി. പിന്നീട് ഈ ട്രാക്കിലൂടെ വന്ന മറ്റൊരു ട്രെയിന്‍ കയറിയാണ് സോനുവിന്റെ കാലറ്റത്.

‘ ഞാന്‍ പുറത്തേക്ക് എടുത്തെറിയപ്പെട്ടു. വീണത് തൊട്ടടുത്ത ട്രാക്കിലായിരുന്നു. അവിടെ നിന്നും ഏഴുന്നേറ്റ് പോകാന്‍ ഞാന്‍ അശക്തയായിരുന്നു. ട്രെയിന്‍ വന്ന് കാലിന് മുകളിലൂടെ കയറുന്നത് ഞാന്‍ കണ്ടു. ഗ്രാമവാകിസളാണ് എന്നെ ആശുപത്രിയിലെത്തിയ്യത്’-സോനു പറയുന്നു

സംഭവം കണ്ടുനിന്ന മറ്റു യാത്രക്കാര്‍ റയില്‍വെ പൊലീസിനെ വിവരമറിയിച്ചില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ചെനാടി ബറേലി സ്‌റ്റേഷനുകള്‍ക്ക് മധ്യേയുള്ള ട്രാക്കില്‍ ഇടതു കാല്‍ അറ്റ നിലയില്‍ സോനുവിനെ കണ്ടെത്തുകയായിരുന്നു.
എല്ലാ സര്‍ട്ടിഫിക്കറ്റുകളുമടങ്ങുന്ന ബാഗ് സോനുവിന് നഷ്ടപ്പെട്ടു. ബറേലി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രി സോനുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കി.

ആശുപത്രിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ തന്നെ സോനുവിന് രക്തം നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. ടി.എസ്. ആര്യയും സംഘവുമാണ് ശസ്ത്രക്രിയ നടത്തിയത്. ഉത്തര്‍പ്രദേശില്‍കൂടി ഓടുന്ന 764 തീവണ്ടികളില്‍ ഒന്നില്‍പോലും രക്ഷാഭടന്മാരില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.