എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോ
എഡിറ്റര്‍
Thursday 13th June 2013 12:50am

women-atrocities-2

ന്യൂദല്‍ഹി: കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ദ്ധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ.

കേരളത്തില്‍ സ്ത്രീധനപീഡന മരണങ്ങള്‍ ഇരട്ടിയിലേറെ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2012ല്‍ സംസ്ഥാനത്ത് 32 സ്ത്രീകളാണ് സ്ത്രീധനപീഡനത്തെ തുടര്‍ന്ന് മരിച്ചത്. മുന്‍വര്‍ഷം ഇത് 15 ആയിരുന്നു.

Ads By Google

കേരളം കഴിഞ്ഞാല്‍ സ്ത്രീധന മരണത്തിന്റെ വര്‍ധന നിരക്ക് ഏറ്റവുംകൂടുതല്‍ ത്രിപുരയിലാണ്. 23.3 ശതമാനമാണ് അത്.

സ്ത്രീധനമരണം ഏറ്റവുംകൂടുതലുള്ള യു.പി.യിലും (2244) , രണ്ടാംസ്ഥാനത്തുള്ള ബിഹാറിലും (1275) വരെ ഇത്തരംകേസ് മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ് രേഖപ്പെടുത്തിയത്.

സ്ത്രീകളെ അപമാനിച്ച കേസുകളുടെ എണ്ണത്തില്‍ കേരളം അഞ്ചാമതാണ്. ബലാത്സംഗം അല്‍പ്പം കുറഞ്ഞെങ്കിലും 1019 കേസുകള്‍ 2012ല്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീകളെ ഭര്‍ത്താവോ ഭര്‍തൃവീട്ടുകാരോ ഉപദ്രവിക്കുന്ന കേസുകളും (ഐ.പി.സി. 498എ) കേരളത്തില്‍ കുറവല്ല. ഇത്തരം സംഭവങ്ങള്‍ 5,216 എണ്ണമാണ് 2012ല്‍ രജിസ്റ്റര്‍ ചെയ്തത്. പശ്ചിമബംഗാളിലാണ്ഇത് ഏറ്റവും കൂടുതല്‍  19,865.

വര്‍ധന നിരക്കിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ സ്ത്രീധനപീഡന മരണം ഏറ്റവുംകൂടിയത് കേരളത്തിലാണ്. മുന്‍വര്‍ഷത്തേക്കാള്‍ 113.3 ശതമാനമാണ് വര്‍ധന. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്ത്രീധന മരണം വന്‍ തോതില്‍ കുറഞ്ഞിട്ടുണ്ട്.

ബലാത്സംഗക്കേസുകള്‍ 2011ല്‍ കേരളത്തില്‍ 1132 ആയിരുന്നത് പത്തുശതമാനം കുറഞ്ഞ് 1019 ആയി. വര്‍ധന നിരക്ക് ഏറ്റവുംകൂടുതല്‍ സിക്കിമില്‍ (112.5 ശതമാനം) ആണ്.

സ്ത്രീകളെ അപമാനിച്ച കേസില്‍ (ഐ.പി.സി. 509) കേരളമാണ് അഞ്ചാംസ്ഥാനത്ത്. കേരളത്തില്‍ സ്ത്രീകളെ അപമാനിച്ചതിന് 498 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ആന്ധ്രപ്രദേശ് (3714) , മഹാരാഷ്ട്ര (1294) , മധ്യപ്രദേശ് (774) എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ മുന്നില്‍.

കൊലപാതകശ്രമ കേസുകള്‍ 521ല്‍ നിന്ന് 497 ആയി കുറഞ്ഞു. കൂടുതല്‍ കൊലപാതകം നടന്നത് യു.പി.യി (4,951)ലാണ്. സ്ത്രീകളേയും പെണ്‍കുട്ടികളേയും തട്ടിക്കൊണ്ടുപോയതിന് കേരളത്തില്‍ 214 കേസുകള്‍ രജിസ്റ്റര്‍ചെയ്തു. മുന്‍വര്‍ഷത്തേക്കാള്‍ അല്‍പ്പം കുറവാണിത്.

കൊള്ള നടത്താനുള്ള സംഘംചേരലിലും (ഐ.പി.സി. 399402) കേരളത്തിന് മൂന്നാംസ്ഥാനമുണ്ട്. കേരളത്തില്‍ ഇത്തരം 289 കേസുകള്‍ രജിസ്റ്റര്‍ചെയ്തപ്പോള്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള പശ്ചിമബംഗാളിലും കര്‍ണാടകയിലും യഥാക്രമം 875ഉം 536ഉം കേസുകളുണ്ട്.

Advertisement