എഡിറ്റര്‍
എഡിറ്റര്‍
അരുന്ധതിയാര്‍ ജാതിക്കാര്‍ക്ക് അവഹേളനം: സ്വയം തീകൊളുത്തി യുവതിയുടെ പ്രതിഷേധം
എഡിറ്റര്‍
Thursday 28th November 2013 10:57am

women-self-immolated

തിരുച്ചി: അരുന്ധതിയാര്‍ വിഭാഗക്കാരെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സ്വയം തീകൊളുത്തി യുവതിയുടെ പ്രതിഷേധം.

തിരുച്ചിയിലെ അബേംദ്ക്കര്‍ പ്രതിമയ്ക്ക് സമീപം ഇന്നലെ രാവിലെയായിരുന്നു ശരീരത്തില്‍ സ്വയം തീക്കൊളുത്തിക്കൊണ്ടുള്ള യുവതിയുടെ പ്രതിഷേധം.

സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ മഹാത്മാഗാന്ധി മെമ്മോറിയല്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് നിന്നും യുവതി എഴുതിയതായുള്ള ഒരു കത്തും ലഭിച്ചിട്ടുണ്ട്.

ഡിണ്ടിഗല്‍ ഗ്രാമത്തിലെ അരുന്ധതിയാര്‍ വിഭാഗക്കാര്‍ വെല്ലുവിളി നേരിടുകയാണെന്നും ഇവരെ അവഹേളിക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

കൃഷിപ്പണിയും മൃഗസംരക്ഷണവും തൊഴിലായി സ്വീകരിച്ച ഗണേശപുരം ഗ്രാമത്തിലെ റാണി എന്ന യുവതിയാണ് ഇന്നലെ സ്വയം തീക്കൊളുത്തി പ്രതിഷേധിച്ചത്.

മോട്ടോര്‍ ഘടിപ്പിച്ച സൈക്കിളില്‍ എത്തിയ യുവതി പൊടുന്നനെ റോഡിലേക്ക് ഇറങ്ങി നില്‍ക്കുകയും കയ്യിലുണ്ടായിരുന്ന പെട്രോള്‍ ശരീരത്തില്‍ ഒഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന പോലീസുകാരനും നാട്ടുകാരും ചേര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

അരുന്ധതിയാര്‍ വിഭാഗത്തില്‍പെട്ട ഡിണ്ടിഗലിലെ കാരിയാംപത്തി ഗ്രാമത്തിലുള്ളവരെ ചിലര്‍ കള്ളക്കേസുകളില്‍ കുടുക്കുയാണെന്നും അത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഈ വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന തോതിലുള്ള സംവരണം നല്‍കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്.

ആദി തമിഴര്‍ പേരവൈ സംഘടനയുടെ ലെറ്റര്‍ പാഡിലായിരുന്നു യുവതിയുടെ കത്ത്. എന്നാല്‍ കത്ത് ഒരിക്കലും യുവതിയുടെ ആത്മഹത്യാക്കുറിപ്പായി പരിഗണിക്കാനാവില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ഉമാശങ്കര്‍ പറഞ്ഞു.

സാമൂഹ്യരാഷ്ട്രീയരംഗത്തെ ആരുമായും യുവതിക്ക് ബന്ധമില്ലെന്ന് യുവതിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പാലക്കാരൈ ഗ്രാമത്തിലെ വെറ്റിനറി ആശുപത്രിയിലെ മൃഗസംരക്ഷണവിഭാഗത്തിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലി ചെയ്യുകയായിരുന്നു റാണിയെന്ന യുവതി.

അരുന്ധതിയാര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റാണി പ്രവര്‍ത്തിച്ചുവരികയാണെന്നും റാണിയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണനയില്‍ വരേണ്ടതുണ്ടെന്നും ആദി തമിഴര്‍ പേരവൈ സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി കെ. ചോഴന്‍ പറഞ്ഞു.

അടുത്തിടെ അരുന്ധതിയാര്‍ വിഭാഗക്കാര്‍ നടത്തി വന്ന ആഘോഷം ചിലര്‍ അലങ്കോലപ്പെടുത്തിയുരുന്നെന്നും സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അരുന്ധതിയാര്‍ വിഭാഗക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്തിരുന്നു.

ഒരു പക്ഷേ ഈ സംഭവമായിരിക്കാം റാണിയെ ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement