മെല്‍ബണ്‍: മെല്‍ബണില്‍ വീടിനു തീപിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു. കാഞ്ഞിരപ്പള്ളി മലയില്‍ കുടുംബാംഗം ജോര്‍ജ് ഫിലിപ്പിന്റെ ഭാര്യ അനിത(35) മക്കളായ മാത്യു, ഫിലിപ്പ് എന്നിവരാണ് മരിച്ചത്. മെല്‍ബണിലെ ക്ലെയ്റ്റല്‍സൗത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

ഇവര്‍ താമസിച്ചിരുന്ന വീടിനു അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നു. അയല്‍വാസികളില്‍ ചിലര്‍ ഇവരെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ജോര്‍ജ് ഫിലിപ്പ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി നാട്ടിലേയ്ക്കു പോന്നിരുന്നു.

മെല്‍ബണില്‍ ഇപ്പോള്‍ കൊടുംതണുപ്പാണെന്നും ഹീറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നും കരുതുന്നതായി പ്രവാസികളില്‍ ചിലര്‍ പറഞ്ഞു.

ഐടി കണ്‍സള്‍ട്ടന്റായ ജോര്‍ജ് ഫിലിപ്പും കുടുംബവും കഴിഞ്ഞ മൂന്നു വര്‍ഷമായി ക്ലെയ്റ്റന്‍സൗത്തില്‍ കഴിഞ്ഞുവരികയായിരുന്നു. ക്ലെയ്റ്റന്‍സൗത്തിലെ സെന്റ് പീറ്റേഴ്‌സ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ച മാത്യുവും ഫിലിപ്പും. ഒമ്പതും അഞ്ചും വയസായ കുട്ടികളാണിവരെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫിലിപ്പ് ഒ. ഗോര്‍മാന്‍ പറഞ്ഞു.

മൂന്നു പേരുടെ മൃതദേഹങ്ങളും വീടിനു പുറകിലെ മുറിയ്ക്കുള്ളിലാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മുതിര്‍ന്ന ഡിറ്റക്ടീവ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തീപിടുത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചെന്നാണ് വിവരം.