ന്യൂദല്‍ഹി: രാംദേവിന്റെ നിരാഹാര സമരത്തിനിടെയുണ്ടായ പോലീസ് നടപടിയില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു. നട്ടെല്ലിനു പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗുഡ്ഗാവ് സ്വദേശിനി രാജ്ബാല (51) ആണു മരിച്ചത്. രാംദേവിനെ സമരപ്പന്തലില്‍ നിന്നു മാറ്റുന്നതിനു ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ പൊലീസ് നടത്തിയ നടപടിയിലാണ് ഇവര്‍ക്ക് പരിക്കേറ്റിരുന്നത്. ഡല്‍ഹിയിലെ ജി.ബി. പന്ത് ആശുപത്രിയില്‍ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അന്ത്യം.

ജൂണ്‍ നാലിനാണ് രാജ്ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ രാജ്ബാല വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

രാജ്ബാലയുടെ മരണത്തിലൂടെ സംഘടനയ്ക്കും പ്രക്ഷോഭത്തിനും നികത്താനാവാത്ത നഷ്ടമാണുണ്ടായിരിക്കുന്നതെന്നു രാംദേവ് പ്രതികരിച്ചു. ‘ഇതൊരു ബലിയാണ്. ഇതു വൃഥാവിലാകില്ല. ദശലക്ഷക്കണക്കിനു വരുന്ന ബാലയുടെ സഹോദരന്‍മാരും സഹോദരികളും അഴിമതിക്കെതിരേയുള്ള യുദ്ധം തുടരുകതന്നെ ചെയ്യും’ രാംദേവ് പറഞ്ഞു.

രാജ്ബാലയുടെ മരണത്തില്‍ ബി.ജെ.പി മഹിളാ മോര്‍ച്ച പ്രസിഡന്റ് സ്മൃതി ഇറാനി അനുശോചനം രേഖപ്പെടുത്തി. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരുക്കേറ്റ രാംലീലാ മൈതാനത്തെ പോലീസ് നടപടിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, ഡല്‍ഹി സര്‍ക്കാര്‍, ഡല്‍ഹി പോലീസ് എന്നിവയില്‍ നിന്നു ജൂണ്‍ ആറിനു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.