എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക തൊഴിലാളിയാകാന്‍ വിസമ്മതിച്ചതിന് യുവതിയ്ക്ക് ക്രൂര പീഡനം
എഡിറ്റര്‍
Sunday 23rd March 2014 1:52pm

women-abuse

ഭിവാണ്ടി(മുംബൈ): ലൈംഗിക തൊഴിലാളിയാവാന്‍ വിസമ്മതിച്ച 23കാരിയ്ക്ക് ക്രൂര പീഡനം. പെണ്‍കുട്ടികളെ സെക്‌സ് റാക്കറ്റില്‍ എത്തിക്കുന്ന ഒരു ഏജന്റില്‍ നിന്നാണ് യുവതിയ്ക്ക് ക്രൂരമായ പീഡനമേറ്റത്.

സെക്‌സ് റാക്കറ്റിന്റെ ഏജന്റായ റൂബി മുന്‍ഷി എന്ന സ്ത്രീയാണ് ബ്ലേഡ് കൊണ്ട് യുവതിയുടെ മാറിടം മുറിച്ച് പരിക്കേല്‍പ്പിച്ചത്. ഈ സ്ത്രീയുടെ സുഹൃത്തുക്കളായ അലം, അഫ്‌സല്‍ എന്നീ യുവാക്കള്‍ യുവതിയോട് സൗഹൃദം നടിച്ച് കുറച്ചുനാളായി സെക്‌സ് റാക്കറ്റില്‍ എത്തിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഗുജറാത്തിലെ ഒരു ദരിദ്രകുടുംബത്തിലെ അംഗമായ യുവതിയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞ് മഹാരാഷ്ട്രയില്‍ എത്തിക്കുകയായിരുന്നു ഇവര്‍.

സംഭവത്തെ തുടര്‍ന്ന് ഭിവാണ്ടി സിറ്റി പൊലീസ് റൂബി മുന്‍ഷിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  അലമിനും അഫ്‌സലിനുമായി തിരച്ചില്‍ തുടരുന്നുണ്ട്. 30000 രൂപയ്ക്കാണ് അലം പെണ്‍കുട്ടിയെ റൂബി മുന്‍ഷിയ്ക്ക് വിറ്റതെന്ന് പൊലീസ് പറയുന്നു.

യുവതി പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ എത്തിയ ശേഷമാണ് സംഭവത്തെക്കുറിച്ച് പൊലീസ് അറിയുന്നത്. തന്റെ മാറിടം റൂബി ബ്ലേഡ് കൊണ്ട് മുറിച്ചെന്നും, അതിന് ശേഷം ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിച്ചെന്നുമാണ് യുവതി പരാതിയില്‍ പറഞ്ഞത്.

ഡോക്ടറില്‍ നിന്നും സംഭവമറിഞ്ഞപ്പോള്‍ തന്നെ റൂബിയെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ഭിവാണ്ടി സിറ്റി പോലീസ് ആര്‍.എച്ച്്. സേത് പറഞ്ഞു. ഭിവാണ്ടി കോടതിയില്‍ ഹാജരാക്കിയ റൂബിയെ ഈ മാസം 25 വരെ റിമാന്‍ഡില്‍ പോലീസിന് കൈമാറി.

Advertisement