ഇംഫാല്‍: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണാന്താനത്തിന് വേണ്ടി വിമാനം വൈകിപ്പിച്ചതില്‍ പൊതുജന മധ്യത്തില്‍ ചോദ്യം ചെയ്ത് വനിതാ ഡോക്ടര്‍. അടിയന്തിരമായി ഗുരുതരാവസ്ഥയിലുള്ള രോഗിയെ ചികിത്സിക്കാന്‍ പട്നയിലേക്ക് പോകാനാണ് ഡോക്ടര്‍ വിമാനത്താവളത്തിലെത്തിയത്. മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിലാണ് സംഭവം.

ആളുകള്‍ നോക്കി നില്‍ക്കെയാണ് കണ്ണന്താനത്തിനോട് ഡോക്ടര്‍ പൊട്ടിത്തെറിച്ചത്. മന്ത്രി വിമാനത്താവളത്തില്‍ നിന്നും വിമാനത്തിലെത്താന്‍ വൈകിയതോടെ വിമാനവും വൈകി. അതോടെയാണ് ഡോക്ടര്‍ ക്ഷുഭിതയായത്. വിമാനത്തിനുള്ളില്‍ നിന്നും ഇറങ്ങി വന്നാണ് ഡോക്ടര്‍ കണ്ണന്താനത്തെ ചോദ്യം ചെയ്തത്. 2.45 നായിരുന്നു വിമാനം പുറപ്പെടോണ്ടിയിരുന്നത്.

വി.വി.ഐ.പി സംസ്‌കാരത്തിനെതിരെ ക്യാബിനറ്റില്‍ പ്രസംഗിച്ച നരേന്ദ്ര മോദിയെ കബളിപ്പിക്കുന്നതാണ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനമെന്ന് പറഞ്ഞ ഡോക്ടര്‍ തന്റെ വിമാനം ഇനി വൈകില്ലെന്ന് എഴുതിത്തരാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു.

ഈ വിമനം വൈകിയതിനാല്‍ ഡോക്ടറുടെ ഒരു കണക്റ്റിംഗ് വിമാനവും വൈകിയിരുന്നു. മറ്റൊരു വിമാനം വൈകിയതിനെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലായിരുന്നെന്ന് പറഞ്ഞ കണ്ണന്താനം വിമാനം ഇനിയും വൈകില്ലെന്ന് എഴുതിത്തരാമെന്നും ഡോക്ടറോട് പറഞ്ഞു. വി.ഐ.പിമാരുടെ വരവ് പ്രമാണിച്ച് 13ഓളം വിമാനങ്ങള്‍ വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്.