എഡിറ്റര്‍
എഡിറ്റര്‍
മുംബൈ ജയിലിലെ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയെ ക്രൂരമായി കൊലപ്പെടുത്തി: ലൈംഗികാവയവത്തില്‍ ലാത്തി കയറ്റി
എഡിറ്റര്‍
Wednesday 28th June 2017 10:30am

മുംബൈ: മുംബൈ ജയിലിലെ ഭക്ഷണം സംബന്ധിച്ച് പരാതിപ്പെട്ട തടവുകാരിയായ യുവതിയെ ജയിലര്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് എഫ്.ഐ.ആര്‍. മഞ്ജുള ഷെയ്‌തെ (38) ആണ് കൊല്ലപ്പെട്ടത്.

മഞ്ജുളയെ നഗ്നയാക്കി ലൈംഗികായവത്തില്‍ ലാത്തി കയറ്റിയതായും ക്രൂരമായി മര്‍ദ്ദിച്ചതായും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതായും എഫ്.ഐ.ആറില്‍ പറയുന്നു.

തടവുപുള്ളികള്‍ക്കു നല്‍കുന്ന പ്രഭാത ഭക്ഷണത്തില്‍ നിന്നും രണ്ടു മുട്ടയും അഞ്ചു ബ്രഡും എടുത്തുമാറ്റിയ നടപടിയെ ചോദ്യം ചെയ്തതിനാണ് യുവതിയെ കൊലപ്പെടുത്തിയത്.


Also Read: ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി


സംഭവവുമായി ബന്ധപ്പെട്ട് ആറ് ജയിലര്‍മാര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. മഞ്ജുളയുടെ കൊലപാതകം ജയിലില്‍ തടവുകാരുടെ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് ഷീന ബോറ വധക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയുള്‍പ്പെടെ 200ഓളം തടവുകാര്‍ക്കെതിരെ കലാപശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ജൂണ്‍ 23ന് ഒമ്പതുമണിയോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ജയിലിലെ നല്ല പെരുമാറ്റം കൊണ്ട് മഞ്ജുളയ്ക്ക് അവരുടെ സമുച്ചയത്തിലെ വാര്‍ഡന്റെ ചുമതല ലഭിച്ചിരുന്നു. ഇവര്‍ ജയിലിലെ പ്രഭാത ഭക്ഷണം വെട്ടിക്കുറച്ചതിനെതിരെ രംഗത്തുവരികയായിരുന്നു.

ഇതേത്തുടര്‍ന്ന് മഞ്ജുളയെ ജയില്‍ ഓഫീസര്‍ മനിഷ പൊഖാര്‍കറിന്റെ സ്വകാര്യ മുറിയിലേക്കു വിളിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

മുറിയില്‍ നിന്നും മഞ്ജുള വേദനകൊണ്ട് നിലവിളിക്കുന്ന ശബ്ദം കേട്ടെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ബാരക്കിലേക്കു തിരിച്ചുവരുന്ന മഞ്ജുള വേദനകൊണ്ട് പുളയുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

പിന്നീട് ഒരുകൂട്ടം ജയിലര്‍മാര്‍ ബാരക്കിലേക്കു വരികയും മഞ്ജുളയെ മര്‍ദ്ദിക്കുകയുമായിരുന്നു. ബിന്ദു നായ്കഡെ, വസീം ഷെയ്ക്ക്, ശീതള്‍ ഷെഗോന്‍കര്‍, സുരേഖ ഗുല്‍വെ, ആരതി ഷിങ് എന്നീ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ സഹായത്തോടെ മഞ്ജുളയെ നഗ്നയാക്കിയെന്നും സാക്ഷികള്‍ പറയുന്നു.

തുടര്‍ന്ന് ബിന്ദുവും സുരേഖയും മഞ്ജുളയുടെ കാലുകള്‍ അകറ്റി പിടിച്ച് വസീം മഞ്ജുളയുടെ ലൈംഗികാവയവത്തിലേക്ക് ലാത്തികയറ്റിയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തംവാര്‍ന്ന നിലയില്‍ കാണപ്പെട്ട യുവതിയെ ആരും സഹായിച്ചില്ലെന്നും ബാത്ത്‌റൂമില്‍ അബോധാവസ്ഥയില്‍ മഞ്ജുള വീണപ്പോഴആണ് അവരെ ജയിലിലെ ഡോക്ടറുടെ അടുത്തെത്തിച്ചതെന്നും മറ്റു തടവുകാര്‍ പറയുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് മഞ്ജുളയെ ജെ.ജെ ഹോസ്പിറ്റലിലേക്കു മാറ്റിയത്. അവിടെവെച്ചാണ് അവര്‍ മരിച്ചത്.

മഞ്ജുള ശരീരത്തില്‍ 11 മുതല്‍ 13വരെ ചതവുകള്‍ ഉണ്ടായിരുന്നെന്നും അവരുടെ കാലുകള്‍ തകര്‍ന്നെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisement