ക്വലാപൂര്‍: ശക്തമായ ലോക്പാല്‍ നിയമം ആവശ്യപ്പെട്ട് സ്ത്രീ വീട്ടില്‍ തൂങ്ങി മരിച്ചു. രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടി സമരം നടത്തുന്ന ഹസാരെയുടെ സമരം സര്‍ക്കാര്‍ അംഗീകരിക്കണമെന്നാവിശ്യപ്പെട്ടാണ് ആത്മഹത്യ ചെയ്തത്.

മഹാരാഷ്ട്രയിലെ സാംങ്‌ലി ജില്ലയിലെ മിറാജ് ഗ്രാമത്തിലാണ് ശുഭംഗി കരന്ദെ എന്ന 33 കാരിയാണ് ഹരാരെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സാരിയില്‍ തൂങ്ങി മരിച്ചത്. സ്‌കൂളില്‍ നിന്നും തിരിച്ചെത്തിയ ഇവരുടെ കുട്ടികള്‍ വാതില്‍ തുറക്കാത്തപ്പോള്‍ അയല്‍ക്കാരെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു.

‘അഴിമതിയില്‍ നിന്നും ഈ രാജ്യത്തെ വീണ്ടെടുക്കാനാണ് ഞാന്‍ ആത്മഹത്യ ചെയ്യുന്നത്. ഞാന്‍ കാണാത്ത എത്രയോ പാവങ്ങള്‍ പട്ടിണിയാല്‍ വലയുന്നു. അവര്‍ക്ക് ശരിയാംവിധം കൂലി പോലും ലഭിക്കുന്നില്ല. സ്വകാര്യ കമ്പനികളില്‍ പോലും വേതനം വളരെ കുറവാണ്. ജാവറിലെ കൃഷിഭൂമിയില്‍ നിന്നും തിന്നാനും ജീവിക്കാനുമുള്ളത് എനിക്ക് ലഭിക്കുന്നുണ്ട്. പക്ഷേ കൃഷി ഭൂമി ഇല്ലാത്ത എത്രയോ ആളുകള്‍ പട്ടിണിയാല്‍ കഠിനമായ പ്രയാസങ്ങള്‍ അനുഭവിക്കുകയാണ്. തൊഴില്‍ കിട്ടിയാല്‍ തങ്ങളുടെ ആവിശ്യങ്ങളെല്ലാം നിറവേറുമെന്നാണ് ഈ പാവങ്ങള്‍ സ്വപ്‌നം കാണുന്നത്. പക്ഷേ, തൊഴില്‍ ലഭിച്ചാലും അവര്‍ക്ക് വേതനം ലഭിക്കുന്നില്ല. പിന്നെ എവിടുന്നാണ് അവര്‍ക്ക് പണം കിട്ടുക?’-ആത്മഹത്യാ കുറിപ്പില്‍ ശുംഭംഗി കരന്ദെ ചോദിക്കുന്നു.

‘അണ്ണാ ഹസാരെ നിരാഹാരം കിടക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ പ്രതികരിക്കുന്നില്ല. പിന്നെന്താണ് ചെയ്യുക? ഞാനിത് ചെയ്യുന്നുവെങ്കില്‍ അത് സമൂഹത്തിന് വേണ്ടിയാണ്. എന്റെ കുടുംബാംഗങ്ങള്‍ എന്നോട് ക്ഷമിക്കുക. ഒരു പെണ്ണിന്റെ ഇത്തരം ചെയ്തിയിലൂടെ എന്റെ വീട്ടില്‍ ദാരിദ്ര്യം കൂറച്ചെങ്കിലും കുറഞ്ഞ് എന്റെ സഹോദരന്മാരും സഹോദരിമാരും സന്തോഷമായി ജീവിക്കുമെന്ന് സര്‍ക്കാര്‍ തിരിച്ചറിയട്ടെ. എന്റെ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിക്കുകയും ചെയ്യുകയും എന്റെ കുട്ടികളെ സ്‌നേഹത്തോടെ പരിപാലിക്കുകയും ചെയ്യുമെന്നും’ ആത്മഹത്യാ കുറിപ്പില്‍ അവര്‍ പറയുന്നു.

ഈ സ്ത്രീയുടെ ഭര്‍ത്താവ് വിനായക് കരന്ദെ മിറാജിലെ നിര്‍മ്മാണ മേഖലയിലെ തൊഴിലാളിയാണ്. പതിമൂന്നും പത്തും വയസ്സുള്ള കുട്ടികളോടൊത്ത് രണ്ട് മുറിയുള്ള വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഈ കുടുംബത്തിന്റെ സാമ്പത്തിക സാഹചര്യം വളരെ താഴെയായിരുന്നത്രെ.